ന്യൂഡൽഹി : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസ് സുപ്രീംകോടതിയെ സമീപിച്ചു. കേസിലെ മറ്റൊരു ഹർജിയിൽ ഹൈക്കോടതി തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. 2019ലെ ബോർഡ് മെമ്പർമാരായ ശങ്കർദാസ്, എൻ വിജയകുമാർ എന്നിവരെ എന്തിന് ഒഴിവാക്കിയെന്നും ഇവർക്കെതിരെ നടപടി എന്തുകൊണ്ട് എടുത്തില്ലെന്നും കോടതി ചോദിച്ചിരുന്നു. മറ്റ് പ്രതികളുടെ ജാമ്യപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമർശം. തനിക്കെതിരെ കോടതി നടത്തിയ ഈ പരാമർശങ്ങൾ തന്റെ ഭാഗം കേൾക്കാതെയാണെന്നും ഇതിനാൽ പരാമർശം നീക്കണമെന്നുമാണ് ശങ്കർദാസ് സുപ്രീംകോടതി അഭിഭാഷകൻ എ കാർത്തിക് മുഖാന്തരം നൽകിയ ഹർജിയിൽ പറയുന്നത്.
ഹൈക്കോടതി തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ നീക്കണം ; സുപ്രീംകോടതിയെ സമീപിച്ച് കെ പി ശങ്കർദാസ്
