ആലപ്പുഴ : ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ സുഹൃത്തുക്കളിൽനിന്ന് ഉൾപ്പെടെ കൈക്കൂലിവാങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വിജിലൻസ് കേസെടുത്ത ഡിഐജി എം.കെ. വിനോദ്കുമാറിനെതിരെ അനധികൃത സ്വത്തു സമ്പാദനത്തിന് പ്രാഥമികാന്വേഷണം. വിജിലൻസ് കൈക്കൂലി കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്. ആലപ്പുഴയിലെ മണ്ണഞ്ചിരിയിലെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ചില രേഖകൾ കണ്ടെത്തിയതായും വിവരമുണ്ട്.
കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വിജിലൻസ് കേസെടുത്ത് ഒരാഴ്ചയായിട്ടും വിനോദ് കുമാറിനെതിരേ ഇതുവരെയും നടപടിയൊന്നും ഉണ്ടായിട്ടില്ല. വിനോദ് കുമാറിനെ സസ്‌പെൻഡുചെയ്യണമെന്ന ശുപാർശയോടെ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയെങ്കിലും ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
