കൊച്ചി: സർക്കാരുമായി നിസ്സഹകരണത്തിനൊരുങ്ങി കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്. സർക്കാർ തിയേറ്ററുകൾക്ക് സിനിമ പ്രദർശനത്തിന് നൽകേണ്ടെന്നാണ് ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ തീരുമാനം. കെഎസ്എഫ്ഡിസിയുടെ ഉടമസ്ഥതയിലുള്ള തിയേറ്ററുകൾ പൂർണ്ണമായും ബഹിഷ്‌കരിക്കാനാണ് തീരുമാനം. ജനുവരി മുതൽ സർക്കാരുമായി യാതൊരു സഹകരണവുമില്ലെന്നും ചേംബർ കൂട്ടിച്ചേർത്തു.
നികുതിയിനത്തിൽ സിനിമ വ്യവസായത്തിൽനിന്ന് വലിയ വരുമാനം ലഭിച്ചിട്ടും സർക്കാരിൽനിന്ന് മേഖലയ്ക്ക് അനുകൂലമായ നടപടികളൊന്നുമുണ്ടായിട്ടില്ലെന്ന് കാണിച്ചാണ് ഫിലിം ചേംബറിന്റെ തീരുമാനം. പ്രസിഡന്റ് അനിൽ തോമസാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
