കൊച്ചി : ഹൃദയമാറ്റ ശസ്ത്രക്രിയ എന്ന വലിയൊരു ചുവട് വെയ്‌പ്പിനൊരുങ്ങുകയാണ് എറണാകുളം ജനറൽ ഹോസ്പിറ്റൽ. 21 വയസുകാരിയായ നേപ്പാൾ സ്വദേശിനിയായ യുവതിയ്ക്ക് വേണ്ടിയാണ് ശസ്ത്രക്രിയ ഒരുങ്ങുന്നത്. കഴിഞ്ഞ 8 മാസമായി ഡോ ജോർജ് വാളൂരാന്റെ കീഴിൽ ചികിത്സയിലായിരുന്നു. ഡോ ജോർജ് വാളൂരാന്റെ നേതൃത്വത്തിൽ ഡോ രാഹുൽ സതീഷ് , ഡോ ജിയോ പോൾ എന്നിവരാണ് ശസ്ത്രക്രിയ നടത്തുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി ഷിബുവിന്റെ ഹൃദയം ജനറൽ ഹോസ്പിറ്റലിലെത്തി.
വിദേശ വനിതയായതിനാൽ അവയവദാനത്തിനുള്ള മുൻഗണനാ പട്ടികയിൽ ഉൾപ്പെടുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടായിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചാണ് ഇതിനുള്ള ഇളവ് നേടിയെടുത്തത്. അനുയോജ്യമായ ദാതാവിനെ കാത്ത് മാസങ്ങളായി ഇവർ കേരളത്തിൽ തുടരുകയായിരുന്നു.


