എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് 25 ലക്ഷം പേര്‍ പുറത്തായെന്ന വാര്‍ത്ത ആശങ്ക സൃഷ്ടിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌ഐആര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാവുന്ന കരട് വോട്ടര്‍ പട്ടിക അപാകതകള്‍ നിറഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടികയില്‍ നിന്നും 25 ലക്ഷം പേര്‍ പുറത്തായി എന്ന മാധ്യമവാര്‍ത്ത ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതിക കാരണങ്ങളാല്‍ റദ്ദ് ചെയ്യപ്പെടേണ്ടതല്ല സമ്മതിദാനാവകാശം. അത് ജനാധിപത്യ സമൂഹത്തില്‍ പ്രായപൂര്‍ത്തിയായ പൗരന് ഉറപ്പാക്കേണ്ട അവകാശമാണ്. അത് നിഷേധിക്കുന്നത് ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കുന്നതിനു തുല്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മരിച്ചവര്‍, സ്ഥിരമായി സ്ഥലം മാറിയവര്‍, ഇരട്ട രജിസ്‌ട്രേഷന്‍, കണ്ടെത്താനാകാത്തവര്‍ എന്നിവര്‍ക്ക് പുറമേ ”മറ്റുള്ളവര്‍” എന്ന നിലയിലും വോട്ടര്‍ പട്ടികയില്‍ നിന്നും വലിയ തോതിലുള്ള ഒഴിവാക്കല്‍ നടക്കുന്നുവെന്നതാണ് ആശങ്ക. ആരാണ് ഈ ”മറ്റുള്ളവര്‍” എന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനു തന്നെ വ്യക്തതയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ഇതിനു മുന്‍പ് എസ്‌ഐആര്‍ പ്രക്രിയ നടന്നത് 2002 ലാണ്. അന്ന് 18 വയസ്സില്‍ താഴെയുള്ളവര്‍ക്കാകെ (അതായത് ഇന്ന് 40 വയസ്സിനു താഴെയുള്ളവര്‍) വോട്ടര്‍ പട്ടികയില്‍ ഇടംനേടാന്‍ തങ്ങളുടെ ബന്ധുത്വം തെളിയിക്കേണ്ട നിലയാണ്. ഇത് പൂര്‍ത്തിയാകാത്തതിനാല്‍ ഒരു ജില്ലയില്‍ ഏകദേശം 2 ലക്ഷം പേര്‍ എന്ന കണക്കില്‍ നിലവില്‍ വോട്ടര്‍ പട്ടികയില്‍ അര്‍ഹത നേടാത്ത സ്ഥിതിയുണ്ട് എന്നുവേണം ലഭ്യമായ വിവരങ്ങള്‍ പ്രകാരം മനസ്സിലാക്കാന്‍. വേണ്ടത്ര സുതാര്യതയില്ലാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ നടപടിയാകെ നടപ്പിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *