എലപ്പുള്ളി ബ്രൂവറി; സര്‍ക്കാര്‍ ഉത്തരവിലെ പല വസ്തുതകളും ശരിയല്ലെന്ന് ഹൈക്കോടതി

കൊച്ചി: പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കാനുള്ള സര്‍ക്കാരിന്റെ പ്രാഥമിക അനുമതി റദ്ദാക്കിയതില്‍ ഹൈക്കോടതിയുടെ വിശദാംശങ്ങള്‍ പുറത്ത്. പാലക്കാട് എലപ്പുളളി പഞ്ചായത്തില്‍ ഉള്‍പ്പെട്ട മണ്ണൂര്‍ക്കാട് ബ്രൂവറി തുടങ്ങാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെയും എക്‌സൈസ് വകുപ്പിന്റെയും നീക്കം. സ്വകാര്യ കമ്പനിയായ ഒയാസിസിന് പ്രാഥമികാനുമതി നല്‍കുകയും ചെയ്തു. ക്യാബിനറ്റ് നോട്‌സിലും സര്‍ക്കാര്‍ ഉത്തരവിലും പദ്ധതി വരുന്നത് കഞ്ചിക്കോട് ആണെന്നാണ് എഴുതിയിരിക്കുന്നത്.

പ്രതിദിനം 5000 കെഎല്‍ വെള്ളം ഉപയോഗിക്കുമെന്നാണ് വ്യക്തമാകുന്നത്. എഥനോള്‍ പ്ലാന്റിനായി കിന്‍ഫ്രയില്‍ നിന്ന് വെളളം നല്‍കാമെന്നാണ് വാട്ടര്‍ അതോറിറ്റി കമ്പനിയെ അറിയിച്ചിരുന്നത്. എന്നാല്‍, വെള്ളം നല്‍കുന്നതിനുളള സമ്മതം നല്‍കിയിട്ടില്ലെന്നാണ് വാട്ടര്‍ അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചതെന്നും ഉത്തരവിലുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ ഉറപ്പായ ജല ലഭ്യത പദ്ധതിക്കില്ലെന്നും കോടതി ഉത്തരവില്‍ ചൂണ്ടികാട്ടി. ഒയാസിസ് കമ്പനി അപേക്ഷ നല്‍കിയ അതേദിവസം തന്നെ വാട്ടര്‍ അതോറിറ്റി കത്ത് നല്‍കിയെന്ന് കോടതി വ്യക്തമാക്കി. വാട്ടര്‍ അതോറിറ്റിയുടെ ഈ കത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും എന്ത് ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വ്യക്തമല്ലെന്നും സര്‍ക്കാര്‍ ഉത്തരവിന് ആധാരമായ പല വസ്തുതകളും ശരിയല്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

വേണ്ടത്ര പഠനം നടത്താതെയാണ് ബ്രൂവറിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന കണ്ടെത്തലോടെയാണ് അനുമതി റദ്ദാക്കികൊണ്ടുളള്ള ഉത്തരവ് ഡിവിഷന്‍ ബെഞ്ച് പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *