കാക്കനാട്: പടമുകളില്‍ പൊളിക്കേണ്ട കെട്ടിടങ്ങളുടെ വില നിര്‍ണയം പൂര്‍ത്തിയാകുന്നതിന് പിന്നാലെ ഇന്‍ഫോപാര്‍ക്ക്, കലൂര്‍ മെട്രോ റെയിലിന്റെ ചെമ്പുമുക്ക്, പടമുകള്‍ മെട്രോ സ്റ്റേഷനുകളുടെ സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കാന്‍ കെഎംആര്‍എല്‍. മറ്റു മെട്രോ സ്റ്റേഷനുകളുടെ സ്ഥലമെടുപ്പ് നേരത്തേ പൂര്‍ത്തിയാക്കിയതിനാല്‍ അവിടങ്ങളില്‍ സ്റ്റേഷന്‍ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. 8 മെട്രോ സ്റ്റേഷനുകളുടെ നിര്‍മാണമാണു നടക്കുന്നത്.
ചെമ്പുമുക്കില്‍ ഏറ്റെടുക്കുന്ന പ്ലോട്ടുകളുടെ സ്‌കെച്ച് സര്‍വേ വകുപ്പിന്റെ അംഗീകാരത്തിനു സമര്‍പ്പിച്ചിരിക്കുകയാണ്. രണ്ടിടത്തും സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം നിലനിന്നിരുന്നതിനാലാണു നടപടികള്‍ വൈകിയത്. നിര്‍മാണം പൂര്‍ത്തിയായ തൂണുകളില്‍ പിയര്‍ ക്യാപ്പുകളും അതിനു മുകളില്‍ ഗര്‍ഡറുകളും സ്ഥാപിക്കുന്ന ജോലിയും പുരോഗമിക്കുന്നുണ്ട്. ഇന്‍ഫോപാര്‍ക്ക് ഹൈവേയിലാണ് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, ആലിന്‍ചുവട്, വാഴക്കാല എന്നിവിടങ്ങളിലായി ഒട്ടേറെ തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായി.
സീപോര്‍ട്ട് റോഡിലും സിവില്‍ ലൈന്‍ റോഡിലും ശേഷിക്കുന്ന ഭാഗങ്ങളില്‍ തൂണുകളുടെ നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കാനാണു നിര്‍ദേശം. ചിലയിടങ്ങളില്‍ തൂണുകള്‍ പൈലിങ് ഘട്ടത്തിലാണ്. തൂണുകള്‍ പൂര്‍ത്തിയാകുന്നതോടെ റോഡിലെ ബാരിക്കേഡുകള്‍ കുറച്ചുകൂടി ഉള്ളിലേക്കു നീക്കി സ്ഥാപിക്കാമെന്നതിനാല്‍ കാക്കനാട് റോഡിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണു പ്രതീക്ഷ.
