അനധികൃത ബോര്‍ഡ് നീക്കംചെയ്യാന്‍ പൊലീസ് സഹകരിച്ചില്ലെങ്കില്‍ നടപടി: ഹൈക്കോടതി

കൊച്ചി: അനധികൃത ബോര്‍ഡുകള്‍ കൊടികള്‍, തോരണങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിനായി തദ്ദേശ ഭരണ സെക്രട്ടറിമാര്‍ സഹായം ആവശ്യപ്പെട്ടാല്‍ പൊലീസുള്‍പ്പെടെയുള്ള അധികൃതര്‍ ഉടന്‍ ലഭ്യമാക്കണമെന്നു ഹൈക്കോടതി ഉത്തരവ്. കോടതി ഉത്തരവ് പ്രകാരം നടപടിയെടുക്കാന്‍ തയാറാണെങ്കിലും ഭീഷണിയും കയ്യേറ്റവും ഉള്‍പ്പെടെ നേരിടുന്നുണ്ടെന്നു ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ വെല്‍ഫെയര്‍ അസോസിയേഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്.

വൈദ്യുതി, ടെലിഫോണ്‍ പോസ്റ്റുകളിലുള്‍പ്പെടെ അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നുണ്ട്. വൈദ്യുതി ബോര്‍ഡിന്റെയും ടെലിഫോണ്‍ വകുപ്പിന്റെയും സഹകരണം ലഭിച്ചില്ലെങ്കില്‍ പൂര്‍ണ നടപടിയെടുക്കാനാവില്ലെന്നും അസോസിയേഷന്‍ അറിയിച്ചിരുന്നു. മതസാംസ്‌കാരിക സ്ഥാപനങ്ങള്‍, സിനിമ മേഖല തുടങ്ങിയവയ്ക്കും അനധികൃത കൊടികളും ബോര്‍ഡുകളും സംബന്ധിച്ച ഉത്തരവ് ബാധകമാണെന്നു കോടതി വ്യക്തമാക്കി. ഇക്കാര്യം അധികൃതര്‍ ശ്രദ്ധിക്കണം.

ഹര്‍ജി 14 ന് വീണ്ടും പരിഗണിക്കും. തുടര്‍ന്നാണ് പൊലീസിനുള്‍പ്പെടെ കോടതി നിര്‍ദേശം നല്‍കിയത്. കോടതി ഉത്തരവ് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നു സര്‍ക്കാര്‍ അറിയിച്ചു. ആവശ്യം നിഷേധിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *