ബംഗളുരു : കർണാടകയിലെ തന്ത്രപ്രധാന നാവിക കേന്ദ്രത്തിന് സമീപം ചൈനീസ് ജിപിഎസ് ഘടിപ്പിച്ച കടൽകാക്കയെ കണ്ടെത്തി. ഐഎൻഎസ് കദംബ നാവിക താവളത്തിന് സമീപമുള്ള തിമ്മക്ക ഗാർഡൻ പരിസരത്താണ് പക്ഷിയെ കണ്ടെത്തിയത്. പക്ഷിയുടെ പുറത്ത് അസാധാരണമായ ഉപകരണം കണ്ട നാട്ടുകാർ ഉടൻ തന്നെ വനംവകുപ്പിന്റെ മറൈൻ വിഭാഗത്തെ വിവരം അറിയിച്ചു.
ചൈനീസ് അക്കാദമി ഓഫ് സയൻസസിന് കീഴിലുള്ള റിസർച്ച് സെന്റർ ഫോർ ഇക്കോ-എൻവയോൺമെന്റൽ സയൻസസിന്റെതാണ് ഈ ജിപിഎസ് ട്രാക്കറെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. കുടിയേറ്റ പക്ഷികളുടെ സഞ്ചാരപഥം, ഭക്ഷണരീതി, കുടിയേറ്റം എന്നിവ പഠിക്കാൻ ഗവേഷകർ സാധാരണയായി ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
