തിരുവനന്തപുരം: ഗവര്‍ണര്‍-മുഖ്യമന്ത്രി തര്‍ക്കത്തില്‍ സമവായമായതോടെ ഇവര്‍ തമ്മിലുണ്ടാക്കിയ രഹസ്യക്കരാര്‍ എന്താണെന്ന് വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പ്രൊ- ചാന്‍സലറായ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ നടത്തിയ കോടികളുടെ അഴിമതി സംബന്ധിച്ച പരിശോധന ഈ കരാറിലൂടെ അട്ടിമറിക്കപ്പെടുമോ എന്നതും അറിയേണ്ടതുണ്ട്. അഴിമതി ആരോപണം തന്റെ കുടുംബത്തിലേക്ക് നീണ്ടപ്പോള്‍ എസ്എഫ്‌ഐക്കാരെ മുഖ്യമന്ത്രി കൈവിട്ടു എന്നാണ് മനസ്സിലാക്കേണ്ടത്. രക്തബന്ധത്തെക്കാള്‍ വലുതല്ലല്ലോ പാര്‍ട്ടി ബന്ധമെന്നും ചെന്നിത്തല പരിഹസിച്ചു.
ഡോ: സിസാ തോമസിനെ മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പ് താല്‍ക്കാലിക വിസിയായി നിയമിച്ചതിനെതിരെയും കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ ആയിരുന്ന ഡോ. അനില്‍കുമാറിന്റെ സസ്‌പെന്‍ഷനെതിരെയും അക്രമ സമരം നടത്താന്‍ എസ്എഫ്‌ഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പൊതുസമൂഹത്തോട് പരസ്യമായി മാപ്പുപറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അനില്‍കുമാറിനെ ബലിയാടാക്കിയ സിപിഎം നിലപാടില്‍ സിപിഎം അധ്യാപക സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അനാവശ്യമായ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച് സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനത്തെ സ്തംഭിപ്പിക്കുന്നതുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് സംസ്ഥാനം വിട്ടുപോകുന്നതെന്ന യാഥാര്‍ഥ്യം സിപിഎം കണ്ണു തുറന്നു കാണണമെന്നും ചെന്നിത്തല പറഞ്ഞു.
