പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല സന്ദര്‍ശനത്തിനെത്തിയപ്പോള്‍ നിര്‍മ്മിച്ച ഹെലിപാടില്‍ അന്വേഷണം നടത്താന്‍ തീരുമാനം. പത്തനംതിട്ട സ്വദേശി റഷീദ് ആനപ്പാറയുടെ പരാതിയിലാണ് നടപടി. റഷീദ് ആനപ്പാറ എന്ന പൊതുപ്രവര്‍ത്തകനാണ് വിവരം ശേഖരിച്ചത്. ബില്ല് പാസായിട്ടില്ല എന്നാണ് പൊതുമരാമത്ത് വിഭാഗം പറയുന്നത്. നിര്‍മ്മാണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, മുഖ്യമന്ത്രി റവന്യൂ വകുപ്പ് മന്ത്രി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. ഇതോടെ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും കളക്ടറോട് റിപ്പോര്‍ട്ട് തേടി.
ഒക്ടോബര്‍ 21ന് രാത്രിയാണ് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൂന്ന് ഹെലിപാഡുകള്‍ നിര്‍മ്മിച്ചത്. കോണ്‍ക്രീറ്റ് കുഴച്ചിട്ടു എന്നല്ലാതെ കൃത്യമായ നിര്‍മ്മാണ രീതി ആയിരുന്നില്ല. വിഐപി വിസിറ്റ് ഫണ്ടില്‍ നിന്നാണ് തുക ചെലവഴിക്കുന്നത്. ഹെലിപ്പാഡിലെ കോണ്‍ക്രീറ്റില്‍ കോപ്റ്റര്‍ താഴ്ന്നതോടെയാണ് പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഹെലികോപ്റ്റര്‍ തള്ളിനീക്കിയത്.
ഒക്ടോബര്‍ 22ന് ശബരിമല സന്ദര്‍ശനത്തിനാണ് രാഷ്ട്രപതി പത്തനംതിട്ടയില്‍ എത്തിയത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇറക്കുന്നത് നിലയ്ക്കലില്‍ നിന്ന് പ്രമാടത്തേക്ക് മാറ്റുകയായിരുന്നു.
