ന്യൂഡല്‍ഹി: നിശ്ചിത അളവില്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നതിന് യാത്രക്കാര്‍ ട്രെയിന്‍ യാത്രയില്‍ പണം നല്‍കണമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയില്‍ അറിയിച്ചു. വിമാനത്താവളങ്ങളിലെ ലഗേജ് നിയന്ത്രണങ്ങള്‍ ട്രെയിന്‍ യാത്രക്കാര്‍ക്കും നടപ്പാക്കുമോയെന്ന പ്രഭാകര്‍ റെഡ്ഡി എംപിയുടെ ചോദ്യത്തിന് മറുപടി ആയാണ് റെയിൽവേ മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
കണക്കുകള്‍ പ്രകാരം സെക്കന്‍ഡ് ക്ലാസില്‍ 35 കിലോ ഗ്രാം വരെ സൗജന്യമായി കൊണ്ടുപോകാം. 70 കിലോഗ്രാം വരെയുള്ളതിന് നിരക്ക് ഈടാക്കും. സ്ലീപ്പര്‍ ക്ലാസില്‍ 40 കിലോ ഗ്രാം വരെ സൗജന്യമായും 80 കിലോ ഗ്രാം വരെ നിരക്ക് നല്‍കിയും കൊണ്ടുപോകാം.
എസി ത്രീ ടയര്‍ അല്ലെങ്കില്‍ ചെയര്‍ കാര്‍ 40 കിലോഗ്രാം വരെയാണ് സൗജന്യമായി അനുവദിച്ചിരിക്കുന്നത്. എസി ടു ടയര്‍ 50 കിലോഗ്രാം സൗജന്യമായി കൊണ്ടുപോകാം. പരമാവധി പരിധി 100 കിലോഗ്രാം വരെയാണ്. എസി ഫസ്റ്റ് ക്ലാസില്‍ 70 കിലോഗ്രാം വരെ സൗജന്യമായും 150 കിലോഗ്രാം വരെ നിരക്ക് നല്‍കിയും കൊണ്ടുപോകാം.
അളവുകളിൽ കൂടിയ ട്രങ്കുകൾ, സ്യൂട്ട്കേസുകൾ, ബോക്സുകൾ എന്നിവ ബുക്ക് ചെയ്ത പാഴ്സൽ വാനുകളിൽ കൊണ്ടു പോകേണ്ടതാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
