കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ആറ് കോടതിയലക്ഷ്യ പരാതികള്‍ ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. മുന്‍ ഡിജിപി ആര്‍.ശ്രീലേഖയ്‌ക്കെതിരെ അതിജീവിതയുടെ അഭിഭാഷക ടി.ബി മിനി നല്‍കിയതുള്‍പ്പടെയാണ് ഹര്‍ജികള്‍. യൂട്യൂബ് ചാനലിലൂടെ ദിലീപിന് അനുകൂലമായി സംസാരിക്കുകയും അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തതിനാണ് ആര്‍. ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനു പുറമെ, കേസിലെ വിചാരണ വിവരങ്ങള്‍ സംപ്രേഷണം ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ ദിലീപ് നല്‍കിയ ഹര്‍ജികളും കോടതി ഇന്ന് പരിശോധിക്കും. വിചാരണ നടപടികള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന കോടതി നിര്‍ദ്ദേശം മാധ്യമങ്ങള്‍ ലംഘിച്ചുവെന്നാണ് ദിലീപിന്റെ ആരോപണം. ഹര്‍ജികളില്‍ വാദം കേട്ട ശേഷം കോടതി അലക്ഷ്യം ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ തുടര്‍ നടപടികള്‍ക്കായി ഹര്‍ജികള്‍ പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി ഹൈക്കോടതിയ്ക്ക് കൈമാറും.
