ന്യൂഡൽഹി: വിസി നിയമനത്തിലെ സമവായം രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. കോടതിയിൽ സത്യവാംഗ്‌മൂലം സമർപ്പിച്ച ചാൻസലറായ ഗവർണർ സിസ തോമസിനെയും സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവും കൈമാറി. ഗവർണറുടെ സ്റ്റാൻഡിംഗ് കൗൺസൽ വെങ്കിട്ട് സുബ്രഹ്മണ്യമാണ് സത്യവാംഗ്‌മൂലം സമർപ്പിച്ചത്. ഈ മാസം 14 ന് നടന്ന ഗവർണർ മുഖ്യമന്ത്രി ചർച്ചയിൽ ധാരണയായെന്നും കോടതി നിർദേശപ്രകാരം ഇക്കാര്യം ജസ്റ്റീസ് ധൂലിയയെ അറിയിച്ചെന്നും സത്യവാംഗ്‌മൂലത്തിൽ വ്യക്തമാക്കി.
സർക്കാരും ഗവർണറും തമ്മിൽ ധാരണയിലെത്തിയതിനു പിന്നാലെ, ചൊവ്വാഴ്ച സാങ്കേതിക സർവകലാശാല വിസിയായി ഡോ.സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ.സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം ലോക് ഭവൻ പുറത്തിറക്കിയിരുന്നു.
നേരത്തെ സാങ്കേതിക സര്‍വകലാശാലയിലേക്ക് ഗവര്‍ണര്‍ നിര്‍ദേശിച്ച ഡോ. സിസ തോമസിന്റെ പേര് സര്‍ക്കാര്‍ അംഗീകരിക്കാൻ വിസമ്മതിച്ചിരുന്നു. ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോ. സജി ഗോപിനാഥിന്റെ പേര് സര്‍ക്കാര്‍ മുന്നോട്ടുവച്ചെങ്കിലും ഗവര്‍ണറും അംഗീകരിച്ചിരുന്നില്ല. ഡോ.സജി ഗോപിനാഥിനെതിരെ ആരോപണമുണ്ടെന്നു ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
ഒടുവിൽ സുപ്രീംകോടതി വിഷയത്തിൽ ഇടപെടുകയായിരുന്നു. സർക്കാരും ഗവർണറും തമ്മിൽ സമവായത്തിൽ എത്തിയില്ലെങ്കിൽ കോടതി ഇടപെട്ട് രണ്ട് സർവകലാശാലയിലേക്കും വിസിയെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചു. തുടർന്നാണ് സമവായത്തിൽ എത്തിയതും സുപ്രീം കോടതിയെ അറിയിച്ചതും.
