ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ മുന്‍ മന്ത്രിയും ആര്‍ജെഡി ദേശീയ ജനറല്‍ സെക്രട്ടറിമാരിലൊരാളുമായ എ. നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ പരാതിക്കാരി. ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് കാണിച്ച് പരാതിക്കാരി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. നേരത്തേ വിചാരണ കോടതി അദ്ദേഹത്തെ ഒരു വര്‍ഷത്തേക്കു ശിക്ഷിച്ചിരുന്നു. ശിക്ഷയ്ക്കെതിരെ നീലലോഹിതദാസന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗം അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു.
1999 ഫെബ്രുവരി 27നാണ് കേസിനാസ്പദമായ ലൈംഗികാതിക്രമമുണ്ടായത്. കേരള വനം വകുപ്പില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ഉദ്യോഗസ്ഥയ്ക്കാണ് മോശം അനുഭവം നേരിടേണ്ടി വന്നത്. അന്ന് വനം മന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാര്‍ ഫോണില്‍ നിര്‍ദേശിച്ച പ്രകാരം ഔദ്യോഗിക ചര്‍ച്ചയ്ക്കായി കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിലെത്തിയ ഉദ്യോഗസ്ഥയെ ചര്‍ച്ച കഴിഞ്ഞ് മടങ്ങുന്ന സമയം ഒന്നാം നമ്പര്‍ മുറിയില്‍ വച്ച് കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.
2002 ഫെബ്രുവരിയില്‍ നീലലോഹിതദാസന്‍ നാടാര്‍ക്കെതിരെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ പരാതി നല്‍കിയിരുന്നു. ഇത് ഉയര്‍ന്നു വന്നതോടെയാണ് വനംവകുപ്പിലെ ഉദ്യോഗസ്ഥ അന്നത്തെ ഡിജിപിക്ക് പരാതി നല്‍കുന്നതും കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തത്.
