കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ്. കേസില്‍ ശിക്ഷിക്കപ്പെട്ട മാര്‍ട്ടിന്‍ ആന്റണിയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. മാര്‍ട്ടിന്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ പുറത്തിറക്കിയ വിഡിയോയാണ് കേസിലെ വിധിക്കുശേഷം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതിജീവിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി.
മാര്‍ട്ടിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 20 വര്‍ഷം കഠിനതടവിനാണ് കോടതി ശിക്ഷിച്ചത്. പിന്നാലെയാണ് പഴയ വിഡിയോ വീണ്ടും പ്രചരിക്കുന്നത്. വിഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് പൊലീസ് നീക്കം. ദിലീപിനു കേസില്‍ പങ്കില്ലെന്നാണ് മാര്‍ട്ടിന്‍ വിഡിയോയില്‍ പറയുന്നത്.
ഇന്നലെ അതിജീവിത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ടിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ സമൂഹമാധ്യമങ്ങളില്‍ നേരിടുന്ന ആക്ഷേപത്തെ കുറിച്ചും അതിക്രമത്തെ കുറിച്ചും അതിജീവിത പരാതി പറഞ്ഞിരുന്നു. വിഡിയോ പ്രചരിപ്പിക്കുന്നതില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
