തിരുവനന്തപുരം മേയറെ തീരുമാനിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: കോര്‍പറേഷനിലെ ബിജെപിയുടെ മേയര്‍ ചര്‍ച്ചകള്‍ ഡല്‍ഹിയിലേക്ക്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഇന്നോ നാളെയോ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന. മറ്റന്നാള്‍ രാത്രി അദ്ദേഹം മടങ്ങിയെത്തിയ ശേഷമാകും സംസ്ഥാനത്തെ ചര്‍ച്ചകള്‍ പുനരാരംഭിക്കുക. ഇതിനിടെ, തിരഞ്ഞെടുപ്പ് അവലോകനത്തിനായി മണ്ഡലം ഭാരവാഹികള്‍ വരെയുള്ളവരുടെ യോഗവും ജില്ലാ കോര്‍ കമ്മിറ്റിയും ഇന്ന് ചേരും. കേന്ദ്ര നേതൃത്വത്തിന്റെ നീക്കം അറിഞ്ഞ ശേഷമാകും തുടര്‍ തീരുമാനങ്ങള്‍.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ ഡിജിപിയുമായ ആര്‍.ശ്രീലേഖ, സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ ആര്‍എസ്എസ് സമര്‍പ്പിച്ചിട്ടുള്ള പേരുകള്‍ കൂടി പരിശോധിച്ച ശേഷം ഒരു പേര് അന്തിമമായി നിര്‍ദേശിക്കാനാണ് സാധ്യത. മേയര്‍ സ്ഥാനത്തേക്ക് ഒരു സര്‍പ്രൈസ് സ്ഥാനാര്‍ഥി പാര്‍ട്ടി പ്രതിനിധിയായി മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

മുന്‍ കൗണ്‍സിലുകളില്‍ അംഗങ്ങളായ ഒട്ടേറെ പേര്‍ നിലവിലെ കൗണ്‍സിലിലും അംഗങ്ങളാണ്. പരിചയ സമ്പത്ത് മാനദണ്ഡമാക്കിയാല്‍ ഇവരില്‍ മിക്കവര്‍ക്കും സ്ഥിരസമിതി അധ്യക്ഷ സ്ഥാനങ്ങള്‍ ലഭിക്കും. എല്‍ഡിഎഫ്, യുഡിഎഫ് കക്ഷികള്‍ക്ക് സ്ഥിരസമിതി അധ്യക്ഷ സ്ഥാനം നല്‍കേണ്ട എന്ന നിലപാട് എടുത്തിട്ടുള്ളതിനാലും മിക്കവരും യുവാക്കള്‍ ആണെന്നതിനാലും ഭൂരിഭാഗം പേര്‍ക്കും അവസരം ലഭിക്കും. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയുള്ള സിപിഎം പരീക്ഷണം പാളിയത് മുന്നിലുള്ളതിനാല്‍ പരിചയ സമ്പന്നര്‍ക്ക് തന്നെയാകും ബിജെപി മുന്‍ഗണന നല്‍കുകയെന്ന് അറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *