കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കട്ടിളപ്പാളി സ്വര്‍ണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോയെന്നാവര്‍ത്തിച്ച് ഹൈക്കോടതി. ചെമ്പ് പൊതിഞ്ഞതാണെന്ന് എന്‍ വാസു ജാമ്യപേക്ഷയില്‍ പറഞ്ഞിരുന്നു. ഇതിലാണ് കോടതിയുടെ ചോദ്യം. യഥാര്‍ത്ഥത്തില്‍ സ്വര്‍ണ്ണപ്പാളികളായിരുന്നോ അവയെന്നത് നിര്‍ണ്ണായക ചോദ്യമാണെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ കുറ്റം ചെയ്തിട്ടുണ്ടോയെന്നതൊക്കെ വിചാരണക്കോടതിയുടെ പരിധിയില്‍ വരുന്ന കാര്യമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എന്‍ വാസുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. ഹര്‍ജി വിധി പറയാന്‍ മാറ്റി. മുരാരി ബാബുവിന്റെ ജാമ്യ ഹര്‍ജിയും വിധി പറയാന്‍ മാറ്റി.
അതേസമയം, ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാന്‍ഡ് വീണ്ടും നീട്ടി. 14 ദിവസത്തേക്ക് കൂടിയാണ് റിമാന്‍ഡ് നീട്ടിയത്. ദ്വാരപാലക കേസില്‍ പത്മകുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കട്ടിളപ്പാളി കേസില്‍ പത്മകുമാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസില്‍ കസ്റ്റഡിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും മുരാരിബാബുവിന്റെയും ഇനിയുള്ള ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്. ഇന്നലെയാണ് ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങിയത്. ദേവസ്വം ജീവനക്കാരില്‍ നിന്നും മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളില്‍ നിന്നും മറ്റ് സാക്ഷികളില്‍ നിന്നും ലഭിച്ച മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ തീര്‍ക്കാനാണ് ചോദ്യം ചെയ്യല്‍. ഈ ചോദ്യംചെയ്യലില്‍ പല പ്രാധാന കാര്യങ്ങളും പുറത്തുവരുമെന്നാണ് എസ്‌ഐടി കരുതുന്നത്. അന്വേഷണം അന്തിമഘട്ടത്തിലെത്തുമ്പോള്‍ മുന്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിന്റെയും ഭരണ സമിതിയിലെ അംഗങ്ങളുടെയും മൊഴിയെടുക്കും.
അന്വേഷണത്തിന്റെ ഭാഗമായി എല്ലാവരുടെയും മൊഴിയെടുക്കേണ്ടിവരുമെന്നാണ് അന്വേഷണ സംഘ വൃത്തങ്ങള്‍ പറയുന്നത്. ഈ വര്‍ഷം ദ്വാരപാലക ശില്‍പ്പങ്ങള്‍ പുറത്തേക്ക് കൊണ്ടുപോയി സ്വര്‍ണം പൂശാന്‍ അനുമതി തേടിയത് ദേവസ്വം പ്രസിഡന്റ് പ്രശാന്താണെന്ന തന്ത്രിയുടെ മൊഴിയും അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. പക്ഷെ ഏറ്റവും ഒടുവില്‍ ദ്വാരപാലക ശില്‍പ്പങ്ങള്‍ പുറത്തേക്ക് കൊണ്ടുപോയി സ്വര്‍ണം പൂശിയത് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമുള്ള അന്വേഷണ പരിധിയില്‍പ്പെടുന്നില്ല. സ്വര്‍ണപാളികള്‍ ചെന്നൈ സ്മാര്‍ട് ക്രിയേഷനില്‍ കൊണ്ടുപോയി സ്വര്‍ണം വേര്‍തിരിച്ച് തട്ടുകയായിരുന്നുവെന്നാണ് എസ്‌ഐടി കണ്ടെത്തിയത്. ഈ സ്ഥാപനത്തിന്റെ സിഇഒ പങ്കജ് ഭണ്ടാരിയെയും രണ്ടു ജീവനക്കാരെയും ഇന്നലെ എസ്‌ഐടി ചോദ്യം ചെയ്തു. ഇവരെ വീണ്ടും ചോദ്യം ചെയ്യും. സ്വര്‍ണം വാങ്ങി ബല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ദ്ധന് നല്‍കിയ കല്‍പ്പേഷിനെയും വീണ്ടും ചോദ്യം ചെയ്യും.
ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി, ഉണ്ണികൃഷ്ണന്‍ പോറ്റിയും മുരാരി ബാബുവും വീണ്ടും കസ്റ്റഡിയില്‍ ശബരിമലയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെയും ശാത്രീയ പരിശോധന ഫലമാണ് എസ്‌ഐടി ഒറ്റുനോക്കുന്ന പ്രാധന തെളിവ്. സ്വര്‍ണപാളികളും ചെമ്പ് പാളികളും പുറത്തുകൊണ്ടുപോയി അന്താരാഷ്ട്ര മാഫിയക്ക് വില്‍പ്പന നടത്തിയെന്നാണ് ആക്ഷേപം. ഇപ്പോള്‍ ശബരിമലയിലുള്ള പാളികളുടെ കാലപ്പഴക്കം നിര്‍ണയിക്കണമെങ്കില്‍ പരിശോധന ഫലമെത്തണം. ഇതിന് ശേഷമാത്രമേ കൂടുതല്‍ നടപടികളിലേക്ക് കടക്കാന്‍ കഴിയൂ. പുരാവസ്തു ലോബിക്ക് സ്വര്‍ണകടത്തുമായി ബന്ധമുണ്ടെന്ന് രമേശ് ചെന്നിത്തലക്ക് വിവരം നല്‍കിയ വ്യവസായുടെ മൊഴി ഈ ആഴ്ച രേഖപ്പെടുത്തും.
