മലപ്പുറം: മലപ്പുറം തെന്നലയില്‍ സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ സിപിഎം നേതാവിനെതിരെ പൊലീസ് കേസെടുത്തു. സിപിഎം തെന്നല ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സെയ്ദലി മജീദിനെതിരെയാണ് കേസ്. വനിതാ ലീഗ് പ്രവര്‍ത്തക ബി കെ ജമീലയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വോട്ടിന് വേണ്ടി വിവാഹം കഴിച്ചുകൊണ്ടുവന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുത് തുടങ്ങിയ പരാമര്‍ശമാണ് സെയ്ദലി മജീദ് നടത്തിയത്. പ്രസംഗം വിവാദമായതോടെ ഇന്നലെ ഖേദ പ്രകടനം നടത്തിയിരുന്നു. പ്രസംഗം പരിധി കടന്നുവെന്ന് അംഗീകരിക്കുന്നുവെന്നും അത് ഒഴിവാക്കേണ്ടിയിരുന്നതായിരുന്നെന്നുമാണ് സെയ്ദലി മജീദ് ഖേദപ്രകടനത്തില്‍ പറഞ്ഞത്. വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നേതൃത്വം ഇടപെട്ട് ഖേദ പ്രകടനം ആവശ്യപ്പെടുകയായിരുന്നു.
തെന്നല പഞ്ചായത്ത് ഒന്നാം വാര്‍ഡ് കൊടക്കല്ലില്‍ നടത്തിയ പ്രസംഗത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. കോപവും വികാരവും ചേര്‍ന്നപ്പോള്‍ വാക്കുകള്‍ക്ക് വേണ്ടത്ര നിയന്ത്രണം കിട്ടാതെ പോയി. അവിടെയാണ് പരിധി കടന്നതെന്നും സ്ത്രീ സമത്വത്തെയും സ്ത്രീകളോടുള്ള ആദരവിനെയും എന്നും പിന്തുണയ്ക്കുന്ന ഒരാളാണ് താനെന്നുമാണ് സെയ്ദലി മജീദ് പറഞ്ഞത്.
