മുനമ്പം വഖഫ് ഭൂമിയിൽ ജില്ലാ കലക്ടകറുടെ നടപടി കോടതിയലക്ഷ്യം: വിശദീകരണം തേടി കേരള വഖഫ് സംരക്ഷണ വേദി നോട്ടിസയച്ചു

കൊച്ചി: മുനമ്പം വഖഫ് ഭൂമിയിൽ ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായിട്ടുള്ള നടപടികൾക്ക് നിർദേശം നൽകിയെന്നാരോപിച്ച് എറണാകുളം ജില്ലാ കലക്ടർക്ക് വഖഫ് സംരക്ഷണ വേദി നോട്ടിസയച്ചു.മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്നും അതിനാൽ നിലവിലെ ഹരജിയിൽ കേസ് തീർപ്പാകുംവരെ ഭൂമി കൈവശത്തിലിരിക്കുന്നവരിൽ നിന്നും കരം വാങ്ങുകയോ പോക്ക് വരവ് നടത്തുകയോ ചെയ്യരുതെന്നുള്ള സ്റ്റാറ്റസ്കോ നിലനിർത്തണമെന്നുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മറികടന്ന് കരമടക്കാനും പോക്ക് വരവ് നടത്താനും റവന്യൂ വകുപ്പിന് ജില്ലാ കളക്ടർ നിർദേശം നൽകിയെന്നാണ് പരാതി.ഇതുസംബന്ധിച്ച് വിശദീകരണം തേടി കേരള വഖഫ് സംരക്ഷണ വേദിക്ക് വേണ്ടി അഡ്വ.ചന്ദ്രശേഖറാണ് കലക്ടർക്ക് നോട്ടിസ് അയച്ചിരിക്കുന്നത്.
മുനമ്പം വഖഫ്ഭൂമിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 27-12-2022.ൽ WA 2001/2022 എന്ന കേസിൽ പാസാക്കിയ ഉത്തരവ് ലംഘിച്ചുകൊണ്ട് നിയമവിരുദ്ധമായി വഖഫ് ഭൂമി പോക്കുവരവ് ചെയ്യുന്നതിനും കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനും ലൊക്കേഷൻ സ്കെച്ച് ROR മുതലായ റവന്യൂ സേവനങ്ങൾ നൽകുന്നതിനും കൊച്ചി തഹസിൽദാർ (ഭൂരേഖ) വില്ലേജ് ഓഫീസർ, കുഴുപ്പിള്ളി,പള്ളിപ്പുറം എന്നിവർക്ക് നിർദ്ദേശം നൽകിയതാണ് പരാതിക്കാധാരം.
മുനമ്പംഭൂമിയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷനെ സർക്കാർ നിയോ​ഗിച്ചത് ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഏതാനും മാസങ്ങൾക്ക് മുൻപ് പുറപ്പെടുവിച്ച ഉത്തരവും മുനമ്പം വഖഫ് ഭൂമിയല്ലെന്ന പരാമർശത്തിന്റെയും അടിസ്ഥാനത്തിലാണ് കലക്ടർ O2-12-2025 ൽ DC EKM /742/2022.Lll നമ്പർ പ്രകാരം റവന്യൂ വകുപ്പിന് ഉത്തരവ് നൽകിയിരുന്നത്.
എന്നാൽ ഹൈക്കോടതി ഡിവിഷൻബഞ്ച് നടത്തിയ ഈ പരാമർശത്തിനെതിരേ വഖഫ് സംരക്ഷണ വേദി സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഈ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്യുകയും കമ്മിഷൻ നിയമനം ശരിവെക്കുകയും ചെയ്തിരുന്നു.അതേസമയം സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലല്ല,മറിച്ച് മുനമ്പം ഭൂമി വഖഫാണെന്ന 2022ലെ ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് കലക്ടറുടെ നടപടിയെന്നും ഹൈക്കോടതിയുടെ അധികാരപരിധിയിൽ ഇടപെട്ടുമാണ് ജില്ലാ കലക്ടർ ഉത്തരവിറക്കിയിട്ടുള്ളതെന്നും ആയതിനാൽ എറണാകുളം ജില്ലാ കലക്ടർക്ക് എതിരെ ഹൈക്കോടതി മുമ്പാകെ നിയമനടപടി സ്വീകരിക്കുമെന്നുമാണ് കേരള വഖഫ് സംരക്ഷണവേദി പ്രസിഡന്റ് ടി.എം അബ്ദുൽ സലാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചത്.യോഗത്തിൽ അലിയാർ ഖാസിമി, നാസർ മനയിൽ.ജലാലിയ അബ്ദുൽ ഖാദർ സാഹിബ്.അഷറഫ് സാഹിബ്,ലുഖ്മാൻ സാഹിബ്, മാവുടി ഹാജി.സുന്നഹജാൻ, മുഹമ്മദ് ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *