തിരുവനന്തപുരം: കോര്‍പറേഷന്‍ കൗണ്‍സിലിന്റെ സുഗമമായ നടത്തിപ്പിന് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ ലക്ഷ്യമിട്ട്, സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ചവര്‍ക്കു പിന്നാലെ ബിജെപി. സ്വതന്ത്രരില്‍ ഒരാളെ മേയര്‍ സ്ഥാനാര്‍ഥിയായി അവതരിപ്പിച്ച ശേഷം എല്‍ഡിഎഫും യുഡിഎഫും പുറത്തു നിന്നു പിന്തുണയ്ക്കാനുള്ള സാധ്യത ബിജെപി കാണുന്നുണ്ട്. ഇനി വോട്ടെടുപ്പ് നടത്താനുള്ള വിഴിഞ്ഞം ബിജെപിക്കു പ്രതീക്ഷയുള്ള വാര്‍ഡ് അല്ല.
2 സ്വതന്ത്രരില്‍ ഒരാളെയെങ്കിലും ഒപ്പം കൂട്ടാനാണു ബിജെപിയുടെ ശ്രമം. ഒരാളുമായി പ്രാദേശിക നേതൃത്വം അനൗദ്യോഗിക ചര്‍ച്ച നടത്തി. അതേസമയം, പാര്‍ട്ടി വിമതനായാണു മത്സരിച്ചതെങ്കിലും പൗണ്ട് കടവ് വാര്‍ഡില്‍ വിജയിച്ച എസ്.സുധീഷ് കുമാറിനെ ഒപ്പം കൂട്ടാന്‍ യുഡിഎഫ് ശ്രമിക്കുന്നുണ്ട്. കണ്ണമ്മൂല വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണനാണ് രണ്ടാമന്‍.
തിരഞ്ഞെടുപ്പ് നടത്തിയ 100 ല്‍ 50 വാര്‍ഡ് ബിജെപി നേടി. എല്‍ഡിഎഫ് 29, യുഡിഎഫ് 19 വീതം സീറ്റ് നേടി. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ ബിജെപിക്ക് കോര്‍പറേഷന്‍ ഭരിക്കാം. കേവല ഭൂരിപക്ഷം തികയാത്തത് ഭാവിയില്‍ വെല്ലുവിളിയാകുമെന്ന വിലയിരുത്തലിലാണ് അംഗ സംഖ്യ 51 ആക്കാന്‍ സ്വതന്ത്രരുടെ പിന്തുണയ്ക്കു ശ്രമിക്കുന്നത്.
