എറണാകുളം: പാലക്കാട് നഗരസഭയ്ക്ക് പിന്നാലെ തൃപ്പൂണിത്തുറ നഗരസഭയിലും ഭരണം പിടിച്ച് എൻഡിഎ. ചരിത്രത്തിൽ ആദ്യമായിട്ടാണ് തൃപ്പൂണിത്തുറ നഗരസഭ ഭരണം ബിജെപി പിടിച്ചെടുക്കുന്നത്. ഒരു സീറ്റിൻറെ ഭൂരിപക്ഷത്തിലാണ് എൻഡിഎയുടെ വിജയം. തൃപ്പൂണിത്തുറ നഗരസഭ കാലങ്ങളായി എൽഡിഎഫും യു.ഡി.എഫും മാറി മാറിയാണ് ഭരിച്ചുവന്നിരുന്നത്. 21 സീറ്റുകൾ എൻഡിഎ നേടിയപ്പോൾ 20 സീറ്റുകളാണ് എൽഡിഎഫ് ഇത്തവണ നേടിയത്. യു.ഡി.എഫ് 16 സീറ്റുകളിലൊതുങ്ങി.
എൽഡിഎഫും എൻഡിഎയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. എ ക്ലാസ് നഗരസഭയായി കണക്കാക്കി ബിജെപി വലിയ പ്രചാരണമാണ് തൃപ്പൂണിത്തുറയിൽ നടത്തിയത്. പാലക്കാട് നഗരസഭയിലു ബിജെപി ഭരണം നിലനിർത്തിയിരുന്നു. എൻഡിഎ 25 സീറ്റിലും യു.ഡി.എഫ് 18 സീറ്റുകളിലും എൽഡിഎഫ് ഒമ്പത് സീറ്റുകളിലുമാണ് പാലക്കാട് മുന്നേറുന്നത്. പാലക്കാട് നഗരസഭയിൽ 25 സീറ്റുമായി BJP ഏറ്റവും വലിയ ഒറ്റകക്ഷിയായി.
