നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷാ വിധി പ്രഖ്യാപിച്ച് കോടതി. ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി പള്‍സർ സുനിക്ക് ഐടി ആക്‌ട് പ്രകാരം അഞ്ച് വർഷത്തെ അധിക ശിക്ഷയുണ്ട്. ഈ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ജഡ്‌ജി ഹണി എം വർഗീസ് ആണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ഒന്നര മണിക്കൂർ നീണ്ട വാദം കേള്‍ക്കലിന് ശേഷമാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചു. എല്ലാ പ്രതികളും 40 വയസിന് താഴെയാണ്. ഇതും ഇവരെ ആശ്രയിക്കുന്ന കുടുംബവും പരിഗണിച്ചാണ് വിധിയെന്നും കോടതി പറഞ്ഞു.
