തിരുവനന്തപുരം: തുര്‍ക്കി സംവിധായകന്‍ എര്‍ക്കാന്‍ യാസുജിയുടെ ഉദ്വേഗം നിറഞ്ഞ സര്‍വൈവല്‍ ഡ്രാമ ഫ്രാഗ്മെന്റ്സ് ഫ്രം ദി ഈസ്റ്റിന് 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യ ദിനം മികച്ച പ്രേക്ഷക പ്രതികരണം. ശ്രീ തിയറ്ററില്‍ രാവിലെ 10.15 നായിരുന്നു പ്രദര്‍ശനം. 2,700 മീറ്റര്‍ ഉയരത്തിലുള്ള കടുത്ത ശൈത്യവും ചെന്നായകള്‍ സഞ്ചരിക്കുന്ന അപകടഭൂമിയുമായ തുര്‍ക്കിയിലെ സാഹചര്യങ്ങളില്‍ ചിത്രീകരിച്ച ഈ 131 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ മനുഷ്യമനസ്സിന്റെ ചെറുത്തുനില്‍പ്പിന്റെ പച്ചയായ അവതരണവും മനോഹരമായ ദൃശ്യങ്ങളും കൊണ്ട് കയ്യടി നേടി.
ഗുള്‍ദെസ്താന്‍ യൂസും തുര്‍ഗായ് അറ്റാലയും പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രം യുദ്ധത്തില്‍ നിന്ന് രക്ഷപെട്ടോടുന്ന ഒരു സ്ത്രീയും ഒളിവില്‍ കഴിയുന്ന ഒരു റഷ്യന്‍ ജനറലും മഞ്ഞു മൂടിയ അപകടകരമായ പര്‍വതങ്ങളില്‍ കൂടി സഞ്ചരിക്കുന്ന കഥയാണ് പറയുന്നത്. യാഥാര്‍ത്ഥ ലൊക്കേഷനുകളില്‍ ചിത്രീകരിച്ചതിനാല്‍ അതിന്റെ ദൃശ്യവിശാലതയും യാഥാര്‍ത്ഥ്യബോധവും ഊട്ടിയുറപ്പിക്കുന്നു. ചലച്ചിത്രമല്ല, ഒരു യഥാര്‍ത്ഥ സംഭവമെന്ന പ്രതീതിയാണ് പടം കണ്ടിറങ്ങിയ പ്രേക്ഷകരില്‍ ഉളവായത്.
