കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യമില്ല. കൊല്ലം വിജിലന്‍സ് കോടതിയാണ് പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസിനാസ്പദമായ സംഭവം നടക്കുന്ന സമയത്ത് പത്മകുമാറായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അതുകൊണ്ടുതന്നെ കേസില്‍ പത്മകുമാറിന് നിര്‍ണായ പങ്കുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
കേസില്‍ ദേവസ്വം ബോര്‍ഡിന് കൂട്ടുത്തരവാദിത്തമുണ്ടെന്നും ആ സമയത്ത് ശബരിമലയില്‍ ഉണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെല്ലാം കേസില്‍ പ്രതികളാണ് എന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി പത്മകുമാറിന് ജാമ്യം നല്‍കേണ്ട എന്ന തീരുമാനത്തിലെത്തിയത്.
ജാമ്യാപേക്ഷയുമായി മേല്‍ക്കോടതിയെ സമീപിക്കാനാണ് പത്മകുമാറിന്റെ തീരുമാനം. 2019-ല്‍ ദ്വാരപാലക ശില്‍പങ്ങളുടെ പാളി കടത്തിക്കൊണ്ടുപോയി സ്വര്‍ണം തട്ടിയെടുത്തെന്ന കേസിലാണ് പത്മകുമാറിനെ എസ്ഐടി ആദ്യം പ്രതിചേര്‍ത്തത്. പിന്നാലെ, ദ്വാരപാലക ശില്‍പപാളികള്‍ കടത്തിയ കേസിലും എസ്ഐടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
