ദില്ലി: വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വീണ്ടും ഗോദയിലിറങ്ങാന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്. 2028ലെ ലോസാല്‍സ് ഒളിംപിക്‌സ് ലക്ഷ്യമിട്ടാണ് 31കാരിയായ വിനേഷിന്റെ തിരിച്ചുവരവ്. നിര്‍ഭയമായ ഹൃദയവും കീഴടങ്ങാന്‍ കൂട്ടാക്കാത്ത ആത്മവീര്യവുമായി തിരിച്ചുവരുന്നു എന്ന് വിനേഷ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. പ്രോത്സാഹിപ്പിക്കാന്‍ ഇത്തവണ മകനും ഒപ്പമുണ്ടാകുമെന്നും വിനേഷ് പറഞ്ഞു.
പാരീസ് ഒളിംപിക്‌സിലൂടെ എല്ലാം അവസാനിച്ചോ എന്ന് പലരും ചോദിച്ചിരുന്നു. എന്നാല്‍ ഒരു തീരുമാനമെടുക്കാന്‍ എനിക്ക് സമയം വേണമായിരുന്നു. കാരണം, എന്നിലുള്ള അമിതപ്രതീക്ഷയും സമ്മര്‍ദ്ദവുമെല്ലാം എനിക്ക് മറികടക്കണമായിരുന്നു.അതുകൊണ്ട് തന്നെ ആദ്യ മാസങ്ങളില്‍ ശരിക്കൊന്നു ശ്വാസമെടുക്കാനും വിശ്രമിക്കാനുമാണ് ഞാനുപയോഗിച്ചത്.എന്നാല്‍ ഇത്രയും നാളത്തെ നിശബ്ദദതില്‍ ഈ കായികയിനത്തിനോടുള്ള എന്റെ സ്‌നേഹം ഞാന്‍ തിരിച്ചറിഞ്ഞുവെന്ന് വിനേഷ് പറഞ്ഞു. ഗുസ്തി താരം തന്നെയായ സോംവീര്‍ റാത്തിയെ വിവാഹം കഴിച്ച വിനേഷ് ഈ വര്‍ഷം ജൂലൈയിലാണ് ആണ്‍കുട്ടിയുടെ അമ്മയായത്.
പാരിസ് ഒളിമ്പിക്‌സ് മെഡല്‍ നഷ്ടത്തിന് പിന്നാലെയാണ് വിനേഷ് ഗുസ്തിയില്‍ നിന്ന് വിരമിച്ചത്. പിന്നീട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വിനേഷ് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുകയും എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പടുകയും ചെയ്തിരുന്നു. 6015 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജുലാനയില്‍ നിന്ന് വിനേഷിന്റെ ജയം. പാരീസ് ഒളിംപിക്‌സില്‍ ഗുസ്തിയില്‍ ഫൈനലിലെത്തിയ വിനേഷ് അമിത ഭാരത്തിന്റെ പേരില്‍ അയോഗ്യയാക്കപ്പെടുകയായിരുന്നു. സ്വര്‍ണ മെഡല്‍ പോരാട്ടത്തിന് തൊട്ടു മുമ്പ് ശരീര ഭാരം 100 ഗ്രാം കൂടുതലാണെന്ന കാരണത്താലാണ് വിനേഷിനെ അയോഗ്യയാക്കിയിയത്.
