ദില്ലി: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ലോക്‌സഭാ അംഗങ്ങളുടെ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതെ ശശി തരൂര്‍. തുടര്‍ച്ചയായ മൂന്നാം തവണയാണ് തരൂര്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പ്രശംസിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി കടുത്ത വിയോജിപ്പിയ സാഹചര്യത്തിലാണ് വിട്ടുനില്‍ക്കല്‍. ഡിസംബര്‍ 19 ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്നതിനു മുമ്പ്, ഇതുവരെയുള്ള പ്രകടനം അവലോകനം ചെയ്യുന്നതിനും ബിജെപിക്കെതിരായ ആക്രമണങ്ങള്‍ പുനഃക്രമീകരിക്കുന്നതിനുമായി രാഹുല്‍ ഗാന്ധിയാണ് ഇന്ന് രാവിലെ കോണ്‍ഗ്രസിന്റെ 99 എംപിമാരെ യോഗത്തിന് ക്ഷണിച്ചത്.
എന്നാല്‍, തരൂര്‍ എത്തിയില്ല. കൊല്‍ക്കത്തയില്‍ അദ്ദേഹത്തിന്റെ ദീര്‍ഘകാല സഹായി ജോണ്‍ കോശിയുടെ വിവാഹവും സഹോദരി സ്മിത തരൂരിന്റെ ജന്മദിനവുമണെന്ന് അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. നേരത്തെ നവംബര്‍ 18, 30 തീയതികളില്‍ നടന്ന യോഗത്തിലും തരൂര്‍ പങ്കെടുത്തില്ല. സോണിയാ ഗാന്ധി, മല്ലികാര്‍ജുര്‍ ഖാര്‍ഗെ എന്നിവര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു വിട്ടുനില്‍ക്കല്‍. അതിനു ഒരു ദിവസം മുമ്പ് കോണ്‍ഗ്രസ് നേതാവ് പ്രധാനമന്ത്രി സംസാരിച്ച ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കുകയും പ്രസംഗത്തെ പ്രശംസിച്ചുകൊണ്ട് എഴുതുകയും ചെയ്തു. പിന്നാലെ രാഷ്ട്രീയ വിവാദമുടലെടുത്തു.
ഇന്ന് രാവിലെ നടന്ന യോഗത്തിന് ലോക്സഭയിലെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കി. രാഹുലും സഹോദരി പ്രിയങ്ക ഗാന്ധിയും നടത്തിയ ആക്രമണങ്ങള്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ അസ്വസ്ഥരാക്കിയെന്ന് പാര്‍ട്ടി വിലയിരുത്തി.
