തദ്ദേശ തെരഞ്ഞെടുപ്പ്: ‘ഭരണത്തുടര്‍ച്ചയിലേക്കുള്ള കാല്‍വെയ്പാകും ഫലം’; എല്‍ഡിഎഫ് മുന്നേറ്റമുണ്ടാകുമെന്ന് എംഎ ബേബി

ആലപ്പുഴ: തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ഭരണത്തുടര്‍ച്ചയിലേക്കുള്ള കാല്‍വെയ്പാകും ഫലമെന്നും എല്‍ഡിഎഫിന് അനുകൂല ജനവിധി ഉണ്ടാകുമെന്നും എംഎ ബേബി പറഞ്ഞു. ജനങ്ങള്‍ ജീവിത അനുഭവങ്ങളെ മുന്‍ നിര്‍ത്തി വോട്ട് ചെയ്യും. അത് ഇടത് മുന്നണിക്ക് ഗുണം ചെയ്യും. ശബരിമല വിഷയം ജനം തിരിച്ചറിവോടെ പരിശോധിക്കും. കുറ്റക്കാരെ പിടികൂടുന്നതില്‍ സര്‍ക്കാരിന് അമാന്തമില്ലെന്നും ജനങ്ങള്‍ക്ക് മുന്നില്‍ ഒന്നും മറച്ചു വെയ്ക്കാനില്ലെന്നും എംഎ ബേബി പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് മനഃപൂര്‍വം പിടിച്ചില്ല എന്നാണ് ചിലരുടെ ആരോപണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു അന്വേഷണത്തിലും പോലീസിനോ സര്‍ക്കാരിനോ അമാന്തമില്ല. ഒരു സിപിഎം എംഎല്‍എ ഇപ്പോള്‍ ജയിലില്‍ അല്ലേയെന്നും എംഎ ബേബി ചോദിച്ചു. അതില്‍ നടപടി വൈകിയില്ലല്ലോ? പിടി കുഞ്ഞഹമ്മദിന്റെ കാര്യത്തില്‍ കൂടുതല്‍ പരിശോധന നടത്തും. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും. തെറ്റുകാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല. പരാതി കൈമാറാന്‍ വൈകിയിട്ടില്ല. സിപിഎമ്മിന് ഒരു വിഷയത്തിലും ഇരട്ടത്താപ്പില്ലെന്നും എംഎ ബേബി ചൂണ്ടിക്കാട്ടി.

കേരളത്തിലെ ജനങ്ങള്‍ നിയമസാക്ഷരത ഉള്ള ജനങ്ങള്‍ ആണെന്നും കോടതി വിധിയില്‍ ജനം സാമാന്യ നീതി പ്രതീക്ഷിക്കുമെന്നും ആയിരുന്നു നടിയെ ആക്രമിച്ച കേസില്‍ എംഎ ബേബിയുടെ പ്രതികരണം. അതിനെ അട്ടിമറിക്കുന്ന വിധി വന്നു എന്നാണ് ജനം മനസ്സിലാക്കുന്നത്. അതിജീവിതക്ക് കേരളം പിന്തുണ നല്‍കുന്നു. അതിജീവിതയുടെ നീതിക്ക് വേണ്ടിയുള്ള നിലപാടിനൊപ്പമാണ് താനെന്നും വിധിയില്‍ കേരളത്തിലെ പൊതു മനസിന് ആവലാതിയുണ്ടെന്നും എംഎ പറഞ്ഞു. അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തിയ രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിച്ചു. എന്നാല്‍ അതിനേക്കാള്‍ കുറ്റകൃത്യം കാണിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നല്‍കി. സീരിയല്‍ ഒഫണ്ടര്‍ ആണ് രാഹുലെന്നും നാട് പ്രതീക്ഷിക്കുന്ന നീതിബോധം കേരളത്തിലെ ചില കോടതികളില്‍ നിന്ന് ഉണ്ടാവുന്നില്ലെന്നും എംഎ ബേബി അഭിപ്രായപ്പെട്ടു. രാഹുലിനെ പുറത്താക്കി എന്ന് പറയുന്ന പാര്‍ട്ടി തന്നെ പൂച്ചെണ്ടു നല്‍കി സ്വീകരിച്ചുവെന്നും ബേബി വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *