കൊച്ചി: അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നു വിധിക്കും. ആദ്യ 6 പ്രതികളായ എന്‍.എസ്.സുനില്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി.മണികണ്ഠന്‍, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവര്‍ക്കാണ് ശിക്ഷ വിധിക്കുന്നത്. പ്രതികളുമായി പൊലീസ് സംഘം വിയ്യൂരില്‍ നിന്ന് കോടതിയിലേക്ക് പുറപ്പെട്ടു.
ലഭിക്കാവുന്ന ശിക്ഷ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം (ഐപിസി) 20 വര്‍ഷം വരെ കഠിന തടവോ, ജീവപര്യന്തം തടവോ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം അടക്കം കടുത്ത ശിക്ഷ ലഭിക്കാവുന്ന 10 കുറ്റങ്ങളാണ് 6 പ്രതികള്‍ക്കുമെതിരെ കണ്ടെത്തിയത്.
