രാഹുലിനെതിരായ രണ്ടാം പരാതി രാഷ്ട്രീയ പ്രേരിതമല്ല, വെൽ ഡ്രാഫ്റ്റഡ്; സണ്ണി ജോസഫിനെ തള്ളി വിഡി സതീശൻ

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിൻറെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുലിനെതിരായ രണ്ടാമത്തെ പരാതി വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണെന്നും അത് അങ്ങനെ തന്നെയാണ് നൽകേണ്ടതെന്നും അതിൽ ഒരു തെറ്റില്ലെന്നും വിഡി സതീശൻ പറഞ്ഞു.

പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു. രാഹുലിനെതിരായ പരാതിക്ക് പിന്നിൽ ഒരു ലീഗൽ ബ്രെയിനുണ്ടെന്നും വെൽ ഡ്രാഫ്റ്റാണെന്നും അത് ആസൂത്രിതമാണെന്നുമായിരുന്നു സണ്ണി ജോസഫിൻറെ പ്രസ്താവന. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.

സണ്ണി ജോസഫിൻറെ ഈ നിലപാട് തള്ളിയാണ് പരാതി അങ്ങനെ തന്നെയാണ് നൽകേണ്ടതെന്ന് വ്യക്തമാക്കി വിഡി സതീശൻ രംഗത്തെത്തിയത്. രാഹുലിനെതിരായ രണ്ടാം പരാതിയിൽ കോൺഗ്രസ് നേതൃത്വത്തിലെ രണ്ടു നേതാക്കളുടെ ഭിന്നാഭിപ്രായമാണിപ്പോൾ മറനീക്കി പുറത്തുവന്നത്. അതേസമയം, നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സണ്ണി ജോസഫ്. പരാതിക്ക് പിന്നിൽ ലീഗൽ ബ്രെയ്നുണ്ടെന്നും ആസൂത്രിതമാണെന്നും സണ്ണി ജോസഫ് രാവിലെ ആവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *