യുഡിഎഫിന്റേത് ജീർണമായ നിലപാടുകൾ, സർക്കാരിന്റെ ജനകീയ പദ്ധതികൾ വോട്ട് കൊണ്ടുവരും: എം.വി. ഗോവിന്ദൻ

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി വൻ ഭൂരിപക്ഷത്തോടുകൂടി വിജയിക്കുമെന്നും സർക്കാരിന്റെ ജനകീയ പദ്ധതികൾ വോട്ട് കൊണ്ടുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫ് കൺവീനറുടെയും കോൺഗ്രസിന്റെയും നിലപാടുകൾ വ്യക്തമാക്കുന്നത് അവർ ജീർണമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ആക്ഷേപം ബോധപൂർവം ഉണ്ടാക്കിയതാണെന്ന് പറയുന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. കെപിസിസി പ്രസിഡന്റ് തന്നെയാണ് ഈ ആക്ഷേപം ഉന്നത പോലീസ് സംവിധാനത്തിന്റെ മുമ്പിൽ എത്തിച്ചത്. എന്നിട്ടും, ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിക്കാൻ വേണ്ടിയുള്ള ജീർണമായ നിലപാട് സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.

സിനിമാ നടിക്ക് നേരെ നടന്ന കടന്നാക്രമണത്തിൽ യുഡിഎഫ് കൺവീനർ ഉൾപ്പെടെ അതിശക്തമായി അതിജീവിതക്കെതിരായി നീങ്ങുകയും ദിലീപിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സർക്കാർ അപ്പീൽ പോകുന്നതുൾപ്പെടെയുള്ള കാര്യങ്ങളെ പരിഹസിക്കുകയും, ‘ഈ ഗവൺമെന്റിന് വേറെ എന്താണ് പരിപാടി’ എന്ന് ചോദിക്കുകയും ചെയ്തു. പിന്നീട് അത് തിരുത്താൻ വേണ്ടിയിട്ടുള്ള സമ്മർദ്ദം ഉണ്ടായി. എങ്ങനെ തിരുത്തിയാലും ആ തിരുത്തൽ ശരിയാകുന്നില്ല എന്നുള്ളതാണ് യുഡിഎഫ് കൺവീനറുടെയും കോൺഗ്രസിന്റെയും നിലപാടുകൾ വ്യക്തമാക്കുന്നത്.

ജനങ്ങളുടെ ജീവിതത്തിന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ അവർ കൃത്യമായ നിലപാട് സ്വീകരിക്കുന്നു എന്നുള്ളതാണ് വസ്തുതാപരമായിട്ടുള്ള കാര്യം. ജനക്ഷേമകരമായ പ്രവർത്തനങ്ങളുമായിട്ടാണ് സർക്കാർ മുന്നോട്ടേക്ക് പോയിട്ടുള്ളത്. ശബരിമല വിഷയം അടക്കം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിഷയം അടക്കമുള്ള കാര്യങ്ങളിൽ കോൺഗ്രസ് നേതാക്കൾ ഉത്തരം പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *