വ്യാജ ലഹരിമരുന്ന് കേസില്‍ യുവതിയെ കുടുക്കിയ സംഭവത്തിലെ പ്രതിക്ക് ജാമ്യം

#വ്യാജ ലഹരിമരുന്ന് കേസില്‍ യുവതിയെ കുടുക്കിയ സംഭവത്തിലെ പ്രതിക്ക് ജാമ്യം

കൊച്ചി: വ്യാജ ലഹരിമരുന്ന് കേസില്‍
ബ്യൂട്ടി പാര്‍ലര്‍ ഉടമ ചാലക്കുടി സ്വദേശി ഷീല സണ്ണിയെ കുടുക്കിയ കേസില്‍ രണ്ടാം പ്രതി കാലടി വാറായില്‍ ലിവിയ ജോസിന് ഹൈകോടതി ജാമ്യം അനുവദിച്ചു. കേസില്‍ രണ്ട് മാസമായി തടവില്‍ കഴിയുന്നതും പ്രായം 21 മാത്രമാണെന്നതും കണക്കിലെടുത്താണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 2023 ഫെബ്രുവരി 27ന് വൈകുന്നേരം ഷീലയുടെ സ്‌കൂട്ടറില്‍ നിന്ന് എക്‌സൈസ് സംഘം 12 എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ പിടികൂടിയിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ ഷീല 72 ദിവസം ജയിലില്‍ കഴിഞ്ഞു. പിന്നീട് പിടിച്ചെടുത്തത് ലഹരി മരുന്നല്ലെന്ന് തെളിഞ്ഞതോടെ ഷീല സണ്ണി നല്‍കിയ ഹരജിയില്‍ ലഹരിമരുന്നു കേസ് ഹൈകോടതി റദ്ദാക്കി. മുന്‍ വൈരാഗ്യം തീര്‍ക്കാന്‍ ബംഗളൂരുവില്‍ വിദ്യാര്‍ഥിനിയായിരുന്ന ലിവിയ സുഹൃത്തായ നാരായണദാസിന്റെ സഹായത്തോടെ ഷീലക്കെതിരേ വ്യാജ പരാതി ചമച്ചതാണെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്ന് ജൂണ്‍ 13ന് അറസ്റ്റിലായ ലിവിയയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. അന്വേഷണവും തെളിവ് ശേഖരിക്കലും ഏറെക്കുറെ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹരജിക്കാരി ഇനി കസ്റ്റഡിയില്‍ തുടരേണ്ട അനിവാര്യതയില്ലെന്നതും ചെറുപ്രായമാണെന്നതും പരിഗണിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും രണ്ട് ആള്‍ ജാമ്യവുമാണ് മുഖ്യവ്യവസ്ഥ.

Leave a Reply

Your email address will not be published. Required fields are marked *