നജീബ് കാന്തപുരത്തിൻ്റെവിജയം ആറ് വോട്ടിനെങ്കിലും ഉറപ്പെന്ന് ഹൈക്കോടതി

കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിൻ്റെ വിജയം ആറ് വോട്ടിനാണെങ്കിലും ഉറപ്പെന്ന് ഹൈക്കോടതി വ്യക്തമാക്കി.
തർക്കമുണ്ടായിരുന്ന
എണ്ണാതെ മാറ്റിവെച്ച 348 തപാൽ വോട്ടുകളിൽ ഭൂരിപക്ഷവും തങ്ങൾക്ക് അനുകൂലമാണെന്നായിരുന്നു എതിർ സ്ഥാനാർഥി സി.പി.എം സ്വതന്ത്രൻ മുസ്തഫയുടെ വാദം.
എന്നാൽ, ഇവയിൽ 64 എണ്ണം
സാധാരണ തപാൽ വോട്ടുകളാണെന്ന് കോടതി വിലയിരുത്തി. ബാക്കി 284ൽ 252 എണ്ണം തള്ളിയത് സീരിയൽ നമ്പർ വ്യത്യാസം, ഡിക്ലറേഷൻ കൃത്യമായി ഒപ്പിട്ടില്ല, അറ്റസ്റ്റു ചെയ്തില്ല, വോട്ടർമാരുടെ ഒപ്പില്ല തുടങ്ങിയ ചട്ടം 54 എ (4) ലെ കാരണങ്ങൾ പ്രകാരമാണ്. എന്നാൽ, ബാക്കിയുള്ള 32 എണ്ണം കവർ സീൽ ചെയ്യാത്തതിന്റെ പേരിലും ഡിക്ലറേഷൻ ഫോമം 13 എയുടെ രണ്ടാം പേജ് പൂരിപ്പിച്ചതു സംബന്ധിച്ചുമാണു തള്ളിയത്. ഈ 32 വോട്ടുകൾ ഹരജിക്കാരന് അനുകൂലമാണെന്നു കരുതിയാൽപ്പോലും തെരഞ്ഞെടുപ്പ് ഫലത്തിൽ മാറ്റമുണ്ടാകില്ലെന്ന് ജസ്റ്റിസ് സി.എസ്. സുധ വ്യക്തമാക്കി. തുടർന്നാണ് ഹരജി തള്ളിയത്. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവ് ഇപ്പോഴാണ് പുറത്ത് വന്നത്. സാധുവായിട്ടുള്ള വോട്ടുകൾ ഏറ്റവും കൂടുതൽ ലഭിച്ചയാളെയാണ് വിജയിയായി പ്രഖ്യാപിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
മുതിർന്ന പൗരൻമാർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ, കോവിഡ് ബാധിതർ തുടങ്ങി ആബ്സന്റീ വോട്ടർമാരുടെ 348 തപാൽ വോട്ടുകൾ അനുചിതമായി തള്ളിക്കളഞ്ഞെന്നും ഇത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചെന്നുമായിരുന്നു ഹരജിയിൽ ആരോപിച്ചിരുന്നത്. എന്നാൽ പോളിംഗ് ഓഫീസറുടേയോ മറ്റോ പിഴവ് കൊണ്ടുണ്ടാവുന്ന അസാധു വോട്ടുകൾ കൗണ്ടിംഗ് ഓഫീസർ എണ്ണണമെന്ന് തെരഞ്ഞെടുപ്പ് ചട്ടത്തിൽ പറയുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *