കൊച്ചി: പകുതി വേവിച്ച് പാക്കറ്റിലാക്കിയ പെറോട്ടക്ക് ജി.എസ്.ടി അഞ്ച് ശതമാനത്തിലധികം വാങ്ങരുതെന്ന് ഹൈകോടതി. പായ്ക്കറ്റ് പെറോട്ടക്ക് 18 ശതമാനം ജി.എസ്.ടി ചുമത്തിയ ഉത്തരവ് ചോദ്യം ചെയത് മോഡേൺ ഫുഡ് എന്റർപ്രൈസസ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങിന്റെ ഉത്തരവ്. 18 ശതമാനം ജി.എസ്.ടി ഈടാക്കാനുള്ള തീരുമാനം കോടതി റദ്ദാക്കി. ക്ലാസിക് മലബാർ പെറോട്ടക്കും ഓൾ വീറ്റ് മലബാർ പൊറോട്ടക്കും ജി.എസ്.ടി ആക്ട് പ്രകാരം 18 ശതമാനം നികുതി ചുമത്തിയായിരുന്നു കേന്ദ്ര സർക്കാർ ഉത്തരവ്. ജി.എസ്.ടി അപ്പലറ്റ് അതോറിട്ടിയിൽ ഹരജി നൽകിയെങ്കിലും തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. പെറോട്ട റൊട്ടിയായി കണക്കാക്കാനാകില്ലെന്നതടക്കം വിലയിരുത്തിയായിരുന്നു 18 ശതമാനം ജി.എസ്.ടി ഈടാക്കാനുള്ള തീരുമാനം അപ്പലററ് അതോറിറ്റി നേരത്തെ ശരിവെച്ചത്. ധാന്യപ്പൊടി കൊണ്ടുണ്ടാക്കുന്ന പെറോട്ട റൊട്ടി ഇനത്തിൽ വരുന്ന ഉൽപന്നമായതിനാൽ അഞ്ച് ശതമാനം ജി.എസ്.ടി മാത്രമേ ബാധകമാവൂവെന്നായിരുന്നു ഹരജിക്കാരുടെ വാദം. അതേസമയം, ചപ്പാത്തിക്കും റൊട്ടിക്കും മാത്രമാണ് 18 ശതമാനം ജി.എസ്.ടിയിൽ ഇളവ് നൽകിയിട്ടുള്ളതെന്നും പൊറോട്ട ഈ ഗണത്തിൽ വരില്ലെന്നും കേന്ദ സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, പെറോട്ടോയും ചപ്പാത്തിയും ധാന്യപ്പൊടിയിൽ നിന്ന് സമാനമായി തയാറാക്കുന്നതാണെന്ന് വിലയിരുത്തിയ കോടതി ഈ വാദങ്ങൾ തള്ളി.
