കൊച്ചി:ഹോട്ടലിൽ സൗദി വനിതയോടു ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ വ്‌ലോഗറും യുട്യൂബറുമായ ഷാക്കിർ സുബ്ഹാനു പൊലിസ് നിർദേശം നൽകി. വിദേശത്തുള്ള ഷക്കീറിനോടു നാട്ടിലെത്തിയാലുടൻ ഹാജരാകാനാണ് എറണാകുളം സെൻട്രൽ പൊലിസ് നിർദേശം നൽകിയത്. ചികിത്സാർത്ഥം കൊച്ചിയിൽ തുടരുന്ന സൗദി യുവതിയുടെ മൊഴിയെടുക്കൽ ഈ ആഴ്ചയുണ്ടാകും.
അഭിമുഖത്തിനെന്ന പേരിൽ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സൗദി വനിതയുടെ പരാതി. ഒരാഴ്ച മുൻപാണ് സംഭവം. വെള്ളിയാഴ്ച്ചയാണ് പരാതി നൽകിയത്. അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്കാണ് മല്ലു ട്രാവലർ ഇവരെ ക്ഷണിച്ചത്. ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാൻ ശ്രമിച്ചതും എന്ന് പരാതിയിൽ പറയുന്നു. അതേസമയം, പരാതി വ്യാജമാണെന്ന നിലപാടിലാണ് ഷാക്കിർ സുബ്ഹാൻ. തനിക്കെതിരായ പരാതിയെ മതിയായ തെളിവുകൾ കൊണ്ട് നേരിടുമെന്നും ഷാക്കിർ പ്രതികരിച്ചിരുന്നു. നിലവിൽ കാനഡയിലുള്ള ഷാക്കിർ, നാട്ടിൽ തിരിച്ചെത്തിയാലുടൻ എല്ലാ കാര്യങ്ങളും വിശദമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സൗദി യുവതിയും അവർക്കൊപ്പമുള്ള യുവാവും ഒരുമിച്ചാണ് ഹോട്ടലിൽ വന്നതെന്നും, ഇതൊരു ഹണിട്രാപ്പ് ആയിരുന്നോ എന്ന് സംശയിക്കുന്നതായും ഷാക്കിർ ആരോപിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഷാക്കിർ പ്രതികരണം അറിയിച്ചത്
ഹോട്ടലിൽ സൗദി വനിതയോടു ലൈംഗികാതിക്രമം: ഹാജരാകാൻ വ്‌ലോഗർ ഷാക്കിർ സുബ്ഹാനു പൊലിസ് നിർദേശം
