‘സമയം കഴിഞ്ഞിരിക്കുന്നു’: ഗാസയിലെ ആശുപത്രി ആക്രമണത്തിനു പിന്നാലെ ഇറാൻ എംബസിയുടെ പോസ്റ്റ്

ഡമാസ്കസ്∙ ഗാസാസിറ്റിയിലെ അൽഅഹ്‌ലി അറബ് ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ  ‘സമയം കഴിഞ്ഞിരിക്കുന്നു’ എന്ന പോസ്റ്റുമായി സിറിയയിലെ ഇറാനിയൻ എംബസി. എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലാണ് സിറിയയിലെ ഡമാസ്കസിലുള്ള ഇറാനിയൻ എംബസിയുടെ ചിത്രത്തിനൊപ്പം ‘സമയം കഴിഞ്ഞിരിക്കുന്നു’ എന്നും പോസ്റ്റ് ചെയ്തത്. 

അൽഅഹ്‌ലി അറബ് ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തെ ഇറാൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചതിന് മണിക്കൂറുകൾക്കമാണ് എംബസിയുടെ പോസ്റ്റ്. ആക്രമണത്തിൽ 500 ഓളം പലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു.

നേരത്തേ, ഗാസയിൽ പലസ്തീനികൾക്കെതിരെ നടത്തിയ ആക്രമണങ്ങൾക്ക് ഇസ്രയേൽ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞതായി ഇറാനിയൻ മാധ്യമങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .

അതേസമയം, തലസ്ഥാനമായ ഡമാസ്കസിലെയും വടക്കൻ നഗരമായ അലപ്പോയിലെയും വിമാനത്താവളങ്ങൾക്ക് നേരെ ഇസ്രയേൽ സേന ഒരേസമയം മിസൈൽ ആക്രമണം നടത്തിയെന്നും റൺവേകൾക്ക് കേടുപാടുകൾ ഉണ്ടായെന്നും സിറിയ പറഞ്ഞു. ഇതേത്തുടർന്ന് ഇരുവിമാനത്താവളങ്ങളിലെയും സർവീസുകൾ നിർത്തിവച്ചു. ഡമാസ്കസ് വിമാനത്താവളത്തിലെ സർവീസുകൾ വ്യാഴാഴ്ചയോടെ പുനരാരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടറെ ഉദ്ധരിച്ച് സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *