മാധ്യമപ്രവർത്തകർക്കെതിരെ സ്ഥിതി അടിയന്തരാവസ്ഥയേക്കാൾ മോശം, മാധ്യമപ്രവർത്തക സംഘടനകൾ രാഷ്ട്രപതിയെ സമീപിച്ചു

ന്യൂഡൽഹി: അഭിപ്രായസ്വാതന്ത്ര്യവും മാധ്യമപ്രവർത്തന സ്വാതന്ത്ര്യവും സംരക്ഷിക്കാൻ ഇടപെടണമെന്ന്​ ആവശ്യപ്പെട്ട്​ മാധ്യമപ്രവർത്തക സംഘടനകൾ രാഷ്ട്രപതിയെ സമീപിച്ചു. മാധ്യമപ്രവർത്തകർക്കെതിരെ കരിനിയമങ്ങളുടെ ഉപയോഗം ക്രമാതീതമായി വർധിച്ചു. അടിയന്തരാവസ്ഥയേക്കാൾ മോശമായ സാഹചര്യമാണ്​ ഇന്ന്​ നിലനിൽക്കുന്നതെന്നും​ രാഷ്ട്രപതി ദ്രൗപദി മുർമുവിന്​ നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ ഭൂരിഭാഗം മാധ്യമപ്രവർത്തകരും മാധ്യമ പ്രഫഷണലുകളും അപകടകരമായ തൊഴിൽ സാഹചര്യമാണ് അഭിമുഖീകരിക്കുന്ന​തെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ, ഇന്ത്യൻ വിമൻ പ്രസ് കോർപ്‌സ്, പ്രസ് അസോസിയേഷൻ, ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്‌സ്, കേരള പത്രപ്രവർത്തക യൂനിയൻ, ഡിജി പബ്, ഫോറിൻ കറസ്‌പോണ്ടന്റ് ക്ലബ്, വെറ്ററൻ ജേണലിസ്റ്റ് ഗ്രൂപ്പ്, ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ എന്നിവ സംയുക്തമായി നൽകിയ കത്തിൽ വിശദീകരിച്ചു. ഭരണഘടന അനുവദിച്ച സ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ പരമോന്നത അധികാരി എന്ന നിലയിൽ രാഷ്ട്രപതി ഇടപെടണം.

കരി നിയമങ്ങളെ മറയാക്കി മാധ്യമപ്രവർത്തകരുടെ ഉപജീവനമാർഗമായ ലാപ്‌ടോപ്പുകൾ, ഹാർഡ് ഡിസ്‌കുകൾ, മൊബൈൽ ഫോണുകൾ തുടങ്ങിയ ഉപകരണങ്ങൾ പിടിച്ചെടുക്കുന്ന കാര്യവും കത്തിൽ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *