ന്യൂഡൽഹി: രാജ്യത്തെ പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പഞ്ചസാര കയറ്റുമതിക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. ഈ വർഷം സെപ്റ്റംബർ 30 വരെയാണ് നിരോധനം ബാധകമാകുകയെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ ഊർജ്ജ പ്രതിസന്ധിയും അതോടൊപ്പമുള്ള പണപ്പെരുപ്പവും നേരിടാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം.
വിദേശത്തേക്കുള്ള കയറ്റുമതി തടയുന്നതിലൂടെ രാജ്യത്തിനുള്ളിൽ പഞ്ചസാരയുടെ വിതരണം സുഗമമാക്കാനും അതുവഴി വിലക്കയറ്റത്തെ പിടിച്ചുനിർത്താനും സാധിക്കുമെന്ന് സർക്കാർ കരുതുന്നു. ഇറാൻ യുദ്ധസാഹചര്യം സൃഷ്ടിച്ച പ്രതിസന്ധികൾക്കിടെ രാജ്യത്ത് ഇന്ധനവില വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനാണ് സർക്കാർ മുൻഗണന നൽകുന്നത്.
നിർദ്ദേശങ്ങൾ ഇങ്ങനെ:
ശുദ്ധീകരിച്ചതും ശുദ്ധീകരിക്കാത്തതുമായ എല്ലാത്തരം പഞ്ചസാരകൾക്കും കയറ്റുമതി നിരോധനം ബാധകമാണ്.
ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വരുമെങ്കിലും, മെയ് 13-ന് മുൻപ് കപ്പലുകളിൽ ലോഡിംഗ് പൂർത്തിയാക്കി കസ്റ്റംസ് ക്ലിയറൻസ് ലഭിച്ച ചരക്കുകളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അനാവശ്യമായ സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കണമെന്നും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നും നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് പഞ്ചസാര കയറ്റുമതിയിലെ നിയന്ത്രണവും.
സർക്കാരിന്റെ ഈ തീരുമാനം ശ്രീ രേണുക ഷുഗേഴ്സ്, ബൽറാംപുർ ചിനി മിൽസ് തുടങ്ങിയ രാജ്യത്തെ പ്രമുഖ പഞ്ചസാര ഉത്പാദകരെയും കയറ്റുമതിക്കാരെയും സാരമായി ബാധിക്കുമെന്നാണ് വിപണിയിലെ വിലയിരുത്തൽ.