നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി; ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം, പരീക്ഷ വീണ്ടും നടത്തും

ന്യൂഡൽഹി: മെയ് 3-ന് രാജ്യവ്യാപകമായി നടന്ന നീറ്റ് യുജി 2026 പരീക്ഷ നാഷണൽ ടെസ്റ്റിംഗ് ഏജൻസി റദ്ദാക്കി. പരീക്ഷാ പേപ്പർ ചോർച്ചയും ക്രമക്കേടുകളും സംബന്ധിച്ച ഗുരുതരമായ കണ്ടെത്തലുകളെത്തുടർന്നാണ് പരീക്ഷ വീണ്ടും നടത്താൻ തീരുമാനിച്ചത്. കേസ് അന്വേഷണം സിബിഐക്ക് കൈമാറാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു.

പരീക്ഷയ്ക്ക് മുൻപ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ‘ഗസ് പേപ്പറിൽ’ നിന്നുള്ള 120 ചോദ്യങ്ങൾ യഥാർത്ഥ പരീക്ഷയിലും ആവർത്തിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പരീക്ഷാ നടപടികൾ റദ്ദാക്കി പുതിയ തീയതിയിൽ നടത്താൻ എൻടിഎ തീരുമാനിച്ചത്.

പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ല. പുനഃപരീക്ഷയ്ക്കായി വിദ്യാർത്ഥികളിൽ നിന്ന് അധിക ഫീസ് ഈടാക്കില്ലെന്ന് എൻടിഎ വ്യക്തമാക്കി. പരീക്ഷാ തീയതികൾ പിന്നീട് ഔദ്യോഗികമായി അറിയിക്കും. വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റുകൾ മാത്രം ആശ്രയിക്കുക.

ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളിലും കർശനമായ ബയോമെട്രിക് പരിശോധനകളോടെയുമാണ് പരീക്ഷ നടത്തിയതെന്ന് എൻടിഎ അവകാശപ്പെടുന്നുണ്ടെങ്കിലും ചോദ്യപേപ്പർ ചോർന്നത് ഗുരുതരമായ വീഴ്ചയായാണ് കേന്ദ്രസർക്കാർ കാണുന്നത്. മെയ് 7-നാണ് ക്രമക്കേട് സംബന്ധിച്ച വിവരം എൻടിഎയ്ക്ക് ലഭിക്കുന്നത്. വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കുന്നതിനായി അന്വേഷണം വേഗത്തിലാക്കുമെന്ന് എൻടിഎ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *