മലപ്പുറം: അമ്പലപ്പുഴ മണ്ഡലത്തിലെ അട്ടിമറി വിജയത്തിന് പിന്നാലെ നിയുക്ത എംഎൽഎ ജി. സുധാകരൻ പാണക്കാട്ടെത്തി മുസ്ലീം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് അദ്ദേഹം സംസാരിച്ചത്. തിരഞ്ഞെടുപ്പിൽ തനിക്ക് ലഭിച്ച വലിയ വിജയത്തിന് പിന്നിൽ കോൺഗ്രസിന്റെയും ലീഗിന്റെയും ഉറച്ച പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലയളവിൽ കോൺഗ്രസും ലീഗും നൽകിയ പിന്തുണ വലിയ താങ്ങും തണലുമായിരുന്നു. വോട്ടെണ്ണൽ തീരുന്നത് വരെ അവർ കൂടെ നിന്നു. യുഡിഎഫ് അണികൾക്ക് ഹൃദയപൂർവ്വം നന്ദി പറയുന്നു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് ജനങ്ങൾ തെളിയിച്ചു. ഏറ്റവും കുറഞ്ഞ ചെലവിൽ തിരഞ്ഞെടുപ്പിനെ നേരിട്ടത് താനാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
എൽഡിഎഫ് വിട്ടുപോയ ഗോവിന്ദൻ, കുഞ്ഞിക്കൃഷ്ണൻ തുടങ്ങിയവരുമായി നിലവിൽ ആശയവിനിമയം നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഐഎമ്മിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായിരുന്ന ജി. സുധാകരൻ പാർട്ടി നേതൃത്വത്തോടുള്ള വിയോജിപ്പിനെത്തുടർന്നാണ് സ്വതന്ത്രനായി മത്സരിച്ചത്. യുഡിഎഫ് പിന്തുണയോടെ മത്സരിച്ച അദ്ദേഹം സിറ്റിംഗ് എംഎൽഎ എച്ച്. സലാമിനെ 27,935 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
വിജയത്തിന് പിന്നാലെ വിവിധ സാമൂഹിക-സാംസ്കാരിക നേതാക്കളെ കാണുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും അദ്ദേഹം സന്ദർശിച്ചിരുന്നു. വരും ദിവസങ്ങളിലും മണ്ഡലത്തിലെയും സംസ്ഥാനത്തെയും പ്രമുഖ വ്യക്തികളെ അദ്ദേഹം നേരിൽ കാണും.