ലണ്ടൻ: നെതർലൻഡ്സ് ആസ്ഥാനമായുള്ള ആഡംബര ക്രൂയിസ് കപ്പലായ എംവി ഹോണ്ടിയസിൽ ഹാൻ്റ വൈറസ് സ്ഥിരീകരിച്ചതോടെ, കപ്പലിൽ നിന്ന് പകുതിവഴിയിൽ ഇറങ്ങിയ യാത്രക്കാരെ കണ്ടെത്താൻ അന്താരാഷ്ട്ര ആരോഗ്യ ഏജൻസികൾ തിരച്ചിൽ ഊർജ്ജിതമാക്കി. രോഗം സ്ഥിരീകരിക്കുന്നതിന് മുൻപ് കപ്പലിൽ നിന്ന് പോയവർക്ക് ബാധിതരുമായി സമ്പർക്കമുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. നിലവിൽ കപ്പലിലുണ്ടായിരുന്ന അഞ്ചുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്നുപേർ ഇതിനോടകം മരണമടഞ്ഞു എന്നത് സ്ഥിതിഗതികളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ഏപ്രിൽ 1-ന് അർജൻ്റീനയിലെ ഉഷുവായയിൽ നിന്ന് 28 രാജ്യങ്ങളിൽ നിന്നുള്ള 150 യാത്രക്കാരും 61 ജീവനക്കാരുമായി യാത്ര തിരിച്ചു.ഏപ്രിൽ 24-ന് യുകെയുടെ കീഴിലുള്ള സെൻ്റ് ഹെലീന ദ്വീപിൽ 32 യാത്രക്കാർ ഇറങ്ങിയിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. കപ്പലിൽ ഫിലിപ്പീൻസ്, യുകെ, യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൂടുതലായുള്ളത്. രണ്ട് ഇന്ത്യൻ ജീവനക്കാരും കപ്പലിലുണ്ട്.

ഹാൻ്റ വൈറസ് പടരുന്നത് എലികളിൽ നിന്നാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ആറാഴ്ച വരെ സമയമെടുക്കാം എന്നതിനാൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തേക്കുമെന്ന് ആശങ്കയുണ്ട്. എലികളുടെ മൂത്രം, കാഷ്ടം, ഉമിനീര് എന്നിവ കലർന്ന വായു ശ്വസിക്കുന്നതിലൂടെ രോഗം പകരും. വൈറസ് കലർന്ന പ്രതലങ്ങളിൽ സ്പർശിച്ച ശേഷം മുഖത്തോ കണ്ണിലോ തൊടുന്നതും അപകടകരമാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് അത്യപൂർവ്വമാണ്.
ഹാൻ്റ വൈറസ് വ്യാപനം കോവിഡ്-19 പോലെയൊരു ആഗോള മഹാമാരിക്ക് വഴിമാറില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ആരോഗ്യവിഭാഗം അറിയിച്ചു. രോഗബാധിതരുമായി അതീവ സമ്പർക്കമുള്ളവർക്ക് മാത്രമേ പകരുകയുള്ളൂ എന്നതിനാൽ നിയന്ത്രണവിധേയമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. കാനഡ, ജർമ്മനി, നെതർലൻഡ്സ് ഉൾപ്പെടെയുള്ള 12 രാജ്യങ്ങളുമായി ചേർന്ന് നിരീക്ഷണം തുടരുകയാണ്.