തിരുവനന്തപുരം: വർഗബോധവും ആത്മാഭിമാനവുമുള്ള ഒരു ജനതയായി ലോകത്തെ തൊഴിലാളി വർഗം ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കി ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. ഇന്ന് മെയ് ദിനം ലോകമെമ്പാടുമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ തങ്ങളുടെ അവകാശങ്ങൾ പ്രഖ്യാപിക്കുന്ന ദിനമാണിത്.
1886 മേയ് ഒന്നിന് അമേരിക്കയിൽ എട്ട് മണിക്കൂർ ജോലി സമയം ആവശ്യപ്പെട്ട് മൂന്ന് ലക്ഷത്തോളം തൊഴിലാളികൾ നടത്തിയ പണിമുടക്കാണ് മെയ് ദിനത്തിന് ആധാരമായത്. മേയ് നാലിന് ചിക്കാഗോയിലെ ഹേ മാർക്കറ്റ് ചത്വരത്തിൽ സമാധാനപരമായി പ്രതിഷേധിച്ച തൊഴിലാളികൾക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പ്പിലും ബോംബാക്രമണത്തിലും നിരവധി പേർ രക്തസാക്ഷികളായി.

ഈ വിപ്ലവകരമായ ജീവത്യാഗത്തിന്റെ സ്മരണയ്ക്കായി 1890 മുതലാണ് അന്താരാഷ്ട്ര തൊഴിലാളി ദിനം ഔദ്യോഗികമായി ആചരിക്കാൻ തുടങ്ങിയത്. തൊഴിലാളി വർഗം കൈവരിച്ച അവകാശങ്ങൾ സാമൂഹിക വ്യവസ്ഥയെത്തന്നെ മാറ്റിമറിക്കാൻ സഹായിച്ചിട്ടുണ്ട്. കർഷകർ ഉൾപ്പെടെയുള്ള ഇതര അധ്വാനിക്കുന്ന വിഭാഗങ്ങളുമായി കൈകോർത്ത് സംഘടിത ശക്തിയായി മാറാൻ ഈ പോരാട്ടം വഴിതെളിച്ചു.
എന്നാൽ, ആധുനിക ലോകക്രമത്തിൽ മുതലാളിത്ത ശക്തികൾ വീണ്ടും പിടിമുറുക്കുന്നതും തൊഴിലാളി വർഗ രാഷ്ട്രീയം ശോഷിക്കുന്നതും പുതിയ ആശങ്കകൾ ഉയർത്തുന്നുണ്ട്. എട്ട് മണിക്കൂർ ജോലി, സുരക്ഷിതമായ തൊഴിലിടം, കൃത്യമായ വേതനം എന്നിവ ഇന്നും പലയിടങ്ങളിലും പോരാടി നേടേണ്ട അവസ്ഥയാണുള്ളത്. മനുഷ്യനും പ്രകൃതിക്കും മേലുള്ള ചൂഷണങ്ങൾ അവസാനിപ്പിക്കാനും നീതിപൂർവ്വമായ ഒരു ലോകം കെട്ടിപ്പടുക്കാനും തൊഴിലാളി വർഗം വീണ്ടും ഐക്യപ്പെടേണ്ടതിന്റെ ആവശ്യകതയാണ് ഈ മെയ് ദിനം ഓർമ്മിപ്പിക്കുന്നത്.