വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷം വീണ്ടും യുദ്ധം നീങ്ങിയേക്കാമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ സമാധാനത്തിന് ആഗ്രഹിക്കുന്നുണ്ടെങ്കിലും കൃത്യമായ തീരുമാനമെടുക്കാൻ കഴിയുന്ന നേതാക്കൾ ആരാണെന്ന് അവർക്ക് തന്നെ അറിയാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്ന് ട്രംപ് പരിഹസിച്ചു. ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ഫലപ്രദമാണെന്നും ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകർച്ചയുടെ വക്കിലാണെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാനെതിരെയുള്ള തന്റെ സൈനികാധികാരം പരിമിതപ്പെടുത്താൻ യുഎസ് കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഓരോ മൂന്ന് ദിവസം കൂടുമ്പോഴും യുദ്ധം അവസാനിപ്പിക്കാൻ കോൺഗ്രസ് സമ്മർദ്ദം ചെലുത്തുന്നത് സന്ധി സംഭാഷണങ്ങളെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ പ്രസ്താവനകൾക്കെതിരെ കടുത്ത ഭാഷയിലാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പ്രതികരിച്ചത്. അമേരിക്കയുടെ നാവിക ഉപരോധം ഒരു സൈനിക നടപടി തന്നെയാണെന്നും അത് ഇനിയും സഹിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഇറാൻ പുലർത്തിയ സംയമനം ഇനി പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.മിസൈൽ-ആണവ പദ്ധതികളുടെ കാര്യത്തിൽ അമേരിക്കയ്ക്ക് മുന്നിൽ തലകുനിക്കില്ലെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയിയും വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയിട്ടുള്ള പുതിയ സുരക്ഷാ സംവിധാനങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിൽ സംഘർഷം പുകയുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തങ്ങളുടെ സൈനിക-നയതന്ത്ര നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.