കോഴിക്കോട്: എക്സിറ്റ് പോൾ ഫലങ്ങളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. ‘സതീശന് ലഭിച്ച വലിയ പിന്തുണ ജനവികാരത്തിന്റെ പ്രതിഫലനമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിലും ഈ ജനവികാരം പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സിറ്റ് പോളുകളിൽ വി.ഡി. സതീശന് ലഭിച്ച പിന്തുണ ജനങ്ങൾക്കിടയിലുള്ള അഭിപ്രായം തന്നെയാണ്. കോൺഗ്രസ് ഹൈക്കമാൻഡ് ആണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെങ്കിലും, ജനങ്ങളുടെ ആഗ്രഹം കൂടി പരിഗണിച്ചായിരിക്കും അവർ അന്തിമ തീരുമാനമെടുക്കുക.ട മുന്നണി അധികാരത്തിൽ വരുമ്പോൾ ലീഗിന് അർഹതപ്പെട്ട പ്രാതിനിധ്യം ലഭിക്കുമെന്ന് ഉറപ്പാണ്. ലീഗിന്റെ അജണ്ടകൾ തീരുമാനിക്കുന്നത് പാർട്ടി തന്നെയാണ്, അതിൽ പുറത്തുനിന്നുള്ളവരുടെ ഇടപെടലുകൾ ഉണ്ടാകില്ല.

ഹൈക്കമാൻഡ് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുന്നവരാണെന്നും ജനഹിതം മാനിച്ചുള്ള തീരുമാനം അവരിൽ നിന്ന് ഉണ്ടാകുമെന്നും തങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു. “ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്നാണ് തോന്നുന്നത്. യുഡിഎഫും കോൺഗ്രസ് ഹൈക്കമാൻഡും ജനവികാരം പരിഗണിച്ചുതന്നെയാകും ഉചിതമായ തീരുമാനമെടുക്കുക.” – പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു .
എക്സിറ്റ് പോൾ സൂചനകൾസമീപകാലത്ത് പുറത്തുവന്ന എക്സിറ്റ് പോളുകളിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന പ്രവചനത്തിനൊപ്പം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് നേതാക്കളിൽ ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത് വി.ഡി. സതീശനായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലീഗ് നേതൃത്വത്തിന്റെ നിർണ്ണായകമായ പ്രതികരണം പുറത്തുവരുന്നത്.