തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളുടെ ആവേശത്തിൽ യുഡിഎഫ് ക്യാമ്പുകൾ. എന്നാൽ പ്രവചനങ്ങളെ തള്ളിക്കളയുന്ന ഇടത് മുന്നണി, ജനവിധി തങ്ങൾക്കനുകൂലമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ്. അതേസമയം, അക്കൗണ്ട് തുറക്കാനാകുമെന്ന സർവ്വേ ഫലങ്ങൾ ബിജെപിക്കും വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്.
ഭൂരിഭാഗം എക്സിറ്റ് പോൾ ഏജൻസികളും യുഡിഎഫിന് ഭരണസാധ്യത കൽപ്പിക്കുമ്പോൾ, എൽഡിഎഫിന് കേവല ഭൂരിപക്ഷം ഒരിടത്തും പ്രവചിക്കപ്പെടുന്നില്ല എന്നതാണ് ശ്രദ്ധേയം. പി മാർക്ക് ഏജൻസി യുഡിഎഫിന് 71 മുതൽ 79 സീറ്റുകൾ വരെ പ്രവചിക്കുന്നു. ആക്സിസ് മൈ ഇന്ത്യയും ദേശ് കാ വെർഡിക്ടും യുഡിഎഫ് 90 സീറ്റുകൾക്ക് മുകളിൽ നേടുമെന്നാണ് വ്യക്തമാക്കുന്നത്. പീപ്പിൾസ് സർവേയിൽ യുഡിഎഫിന് 85 സീറ്റുകളാണ് പ്രവചിക്കുന്നത്.

എൽഡിഎഫിന് പരമാവധി 69 സീറ്റുകൾ വരെയാണ് പ്രവചിക്കപ്പെടുന്നത്. തെക്കൻ കേരളത്തിൽ എൽഡിഎഫ് മേൽക്കൈ നിലനിർത്തുമെങ്കിലും മധ്യകേരളത്തിലും വടക്കൻ കേരളത്തിലും യുഡിഎഫ് തൂത്തുവാരുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ കണ്ടെത്തൽ.പുറത്തുവന്ന 9 സർവേകളിൽ അഞ്ചിലും എൻഡിഎ സീറ്റ് നേടുമെന്ന് പ്രവചിക്കുന്നു. പീപ്പിൾസ് ഇൻസൈഡ് സർവേ ബിജെപിക്ക് 14 സീറ്റുകൾ വരെ ലഭിക്കാമെന്ന് കണക്കുകൂട്ടുന്നു.ട ഭരണമാറ്റം പ്രവചിക്കപ്പെടുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങൾ കൂടുതൽ പിന്തുണ നൽകുന്നത് നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആക്സിസ് മൈ ഇന്ത്യ സർവേ സൂചിപ്പിക്കുന്നു.
യുഡിഎഫിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമാകുമ്പോൾ ജനപിന്തുണയിൽ മുന്നിലുള്ളത് വി.ഡി. സതീശനാണ് (21%). രമേശ് ചെന്നിത്തലയ്ക്ക് എട്ട് ശതമാനവും കെ.സി. വേണുഗോപാലിന് മൂന്ന് ശതമാനവും പിന്തുണ ലഭിച്ചു.സർവേകളിൽ പറയുന്നതിനേക്കാൾ വലിയ മുന്നേറ്റം തങ്ങൾക്കുണ്ടാകുമെന്നും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നുമാണ് യുഡിഎഫ് നേതാക്കളുടെ പ്രതികരണം. എക്സിറ്റ് പോൾ ഫലങ്ങൾ അന്തിമമല്ലെന്നും താഴെത്തട്ടിലെ കണക്കുകൾ പരിശോധിക്കുമ്പോൾ തുടർഭരണം ഉറപ്പാണെന്നുമാണ് ഇടതുമുന്നണി വ്യക്തമാക്കുന്നത്.