തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ റെഗുലേറ്ററി കമ്മീഷൻ മുന്നോട്ടുവെച്ച ‘ഡേ എഹെഡ് മാർക്കറ്റ്’ പ്രായോഗികമല്ലെന്ന് കെഎസ്ഇബി. ഈ വ്യവസ്ഥയിൽ വിപണിയിൽ വൈദ്യുതി ലഭ്യമല്ലാത്ത സാഹചര്യത്തിൽ ബദൽ മാർഗങ്ങൾ തേടുകയാണ് ബോർഡ്. വൈദ്യുതി വാങ്ങുന്നതിനായി മൂന്ന് സ്വകാര്യ ഉത്പാദകരെ കെഎസ്ഇബി കണ്ടെത്തിയിട്ടുണ്ട്. യൂണിറ്റിന് പത്തു രൂപയിൽ താഴെ നിരക്കിൽ ഇവരിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാനുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.
കേന്ദ്ര പൂളിൽ നിന്ന് 150 മെഗാവാട്ട് അധിക വൈദ്യുതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി അധികൃതർ. പ്രതിസന്ധി വിലയിരുത്താൻ കോർ കമ്മിറ്റി യോഗം ചേർന്നു. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ നാളെയും ഉന്നതതല യോഗം ചേരും. മഴ ലഭിക്കാത്ത പക്ഷം വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി പ്രഖ്യാപിത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് കെഎസ്ഇബിയുടെ സജീവ പരിഗണനയിലുണ്ട്.
‘പീക്ക് ലോഡ് മാനേജ്മെന്റ്’ എന്ന പേരിൽ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം, വൈദ്യുതി നിയന്ത്രണം ഉള്ള സമയത്തെക്കുറിച്ച് ഉപഭോക്താക്കളെ എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കും. 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെയാകും ഇത്തരത്തിലുള്ള നിയന്ത്രണം. വേനൽ മഴ ലഭിച്ചാൽ പ്രതിസന്ധിക്ക് വലിയ ആശ്വാസമാകുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വൈദ്യുതി ഉപയോഗത്തിൽ കർശന നിയന്ത്രണം പാലിക്കാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.